കൊച്ചി:ഇഷ്‌ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആൻ ശീതൾ. അവിചാരിതമായി സിനിമയിലേക്ക് എത്തിയ താരമാണ് ആൻ. മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമൂല എന്ന ചിത്രത്തിൽ വളരെ ചെറിയ പാസിങ് റോളിൽ അഭിനയിച്ച് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ആൻ ആദ്യമായി നല്ലൊരു വേഷം ചെയ്യുന്നത് പൃഥ്വിരാജ് നായകനായ എസ്രാ എന്ന സിനിമയിലാണ്.
പിന്നീടാണ് ഷെയിൻ നിഗമിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇശ്‌ഖിൽ നായികയാകുന്നത്.ഇഷ്‌കിലൂടെ മലയാളികളുടെ ജനപ്രീതി നേടിയ ആനിന് പിന്നീട് തമിഴിൽ നിന്നും തെലുങ്കിലും നിന്നും അവസരങ്ങൾ തേടി എത്തിയിരുന്നു. ഇപ്പോഴിതാ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ആൻ ശീതൾ.
ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ വേഷത്തിലാണ് ആൻ ശീതൾ എത്തുന്നത്. ഗ്രേസ് ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇവരെ കൂടാതെ ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല എന്നിങ്ങനെ ഒരു വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മൂന്ന് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ആൻ ശീതൾ ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഇഷ്‌കിൽ വില്ലനായി എത്തിയത് ഷൈൻ ടോം ചാക്കോ ആയിരുന്നു. ഷൈനിനെ ഇന്ന് കാണുന്ന നടനാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ഷൈനെ പോലെ നല്ലൊരു വ്യക്തിയെ താൻ മുന്നേ കണ്ടിട്ടില്ല എന്നാണ് ആൻ ശീതൾ പറയുന്നത്. അത്രയും സ്വീറ്റായ ഒരു വ്യക്തിയാണെന്നും ഒരു റൂമിൽ ഷൈനോപ്പം ഇരുന്നാലും സേഫ് ആണ് എന്നുമാണ് ആൻ പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറഞ്ഞത്. നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ അല്ല സെറ്റിലെന്ന് പറഞ്ഞിരുന്നു. ആൻ ശീതളിന്റെ വാക്കുകൾ ഇങ്ങനെ.
‘തഗ് മനുഷ്യനാണ്. പുള്ളിക്കാരൻ വളരെ സ്വീറ്റാണ്. ഇത്രയും നല്ലൊരു ജന്റിൽമാനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നമ്മൾ എപ്പോഴും ശരിക്കും കംഫർട്ടബിൾ ആക്കി നിർത്തും. ഇഷ്‌കിൽ ആള് വില്ലനാണെങ്കിലും നേരിട്ടുള്ള സ്വഭാവം അതിന്റെ നേർ വിപരീതമാണ്. ഭയങ്കര സ്വീറ്റാണ്. നമ്മുക്ക് എപ്പോഴും ഒരു സുരക്ഷിതത്വം തോന്നും. സത്യം പറഞ്ഞാൽ പുള്ളിക്കാരന്റെ കൂടെ ഒരു റൂമിൽ ഇരുന്നാലും സേഫ് ആയി തോന്നും,’ ആൻ ശീതൾ പറഞ്ഞു.
‘ഇഷികിലെ നായകൻ ഷെയിനെ കുറിച്ചും ആൻ പറയുന്നുണ്ട്. ഷെയിൻ നിഗം വളരെ ഫോകസ്‌ഡ് ആയ വ്യക്തിയാണ്. ചെയ്യുന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ചെയ്യും. മുഴുവൻ ശ്രദ്ധയും ആ കഥാപാത്രത്തിൽ ആയിരിക്കും. മറ്റൊന്നിലേക്കും ശ്രദ്ധ പോകില്ല. ഒരു രംഗം അത് ശരിയാകുന്നത് വരെ ചെയ്തോണ്ട് ഇരിക്കും. ആ കാര്യത്തിൽ ഒരു മടിയുമില്ല,’ ആൻ കൂട്ടിച്ചേർത്തു.
ഇഷ്‌കിലെ പോലുള്ള സദാചാര ആക്രമങ്ങൾ ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അതുപോലുള്ള അനുഭവങ്ങൾ ഒന്നും തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ആന്‍ ശീതള്‍ പറയുന്നുണ്ട്. ഞാന്‍ കണ്ട ആളുകള്‍ എല്ലാം നല്ലവരായിരുന്നു. ആ സിനിമയിലേത് പോലെ എനിക്ക് ഒരിക്കലും ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ആൻ പറഞ്ഞത്. സിനിമയിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ആൻ ശീതൾ പറഞ്ഞു.