ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’ ആണ് ഇപ്പോൾ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനരംഗത്തോടെ ‘പഠാൻ’ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തുക ആയിരുന്നു. ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം. നിരവധി പേരാണ് ബോയ്കോട്ട് പഠാൻ ക്യാമ്പയിനുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് എതിരെ നടൻ പ്രകാശ് രാജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്.
സിനിമയിൽ കാവി പാടില്ല എന്നാൽ കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകൾ നടത്തിയാലും ഉണ്ടാകാത്ത പ്രശ്നമാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്നതെന്ന് നടൻ ആരോപിച്ചു.
#Besharam BIGOTS.. So it’s okay when Saffron clad men garland rapists..give hate speech, broker MLAs, a Saffron clad swamiji rapes Minors, But not a DRESS in a film ?? #justasking
— Prakash Raj (@prakashraaj) December 15, 2022
….Protesters Burn Effigies Of SRK In Indore. Their Demand: Ban 'Pathaan' https://t.co/00Wa982IU4
‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല. വിവാദ പ്രസംഗം നടത്തുന്നു. എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു. അതൊന്നും പ്രശ്നമില്ല. എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്‌നമാക്കുന്നു’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് നടന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തുന്നത്.
ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം ‘പഠാന്’ മഹാരാഷ്ട്രയിലും വിലക്ക് ഭീഷണി. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് റാം കദമാണ് ചിത്രം വിലക്കുമെന്ന് ഭീഷണി മുഴക്കിയത്. സിനിമയിലെ ഗാനരംഗത്തിൽ നടി ദീപിക പദുകോൺ ധരിച്ച വസ്ത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഇത് ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിന് അനുവദിച്ച് കൊടുക്കാനാവില്ലെന്നും റാംകദം പറയുന്നു. നേരത്തെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും സിനിമയെ വിലക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സങ്കുചിത കാഴ്‍ചപ്പാടുകൾ ശരിയല്ലെന്ന് വിവാദത്തോടുള്ള പ്രതികരണമായി കഴിഞ്ഞ ദിവസം കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ച് നടൻ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാൻ’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്‍റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്‍തത് 2018ലാണ്. ‘സീറോ’യായിരുന്നു ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തിയറ്ററില്‍ വൻ പരാജയമായിരുന്നു. തുടര്‍ന്ന് ഒരിടവേളയെടുത്ത ഷാരൂഖ് ഖാൻ ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്.