‘പറഞ്ഞതുതന്നെയാണ്, കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല’; കളക്ടർ തീരുമാനിക്കട്ടെയെന്ന് സുധാകരൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൊഴിയെടുത്തു. പുന്നപ്രയിലെ സുധാകരന്റെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായതായി തഹസില്‍ദാര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പ്രസംഗം.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയെന്ന് സുധാകരന്‍ വ്യക്തമാക്കി. വിവരങ്ങള്‍ അന്വേഷിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പ്രസംഗത്തില്‍ പറഞ്ഞതാണ്. അതില്‍ മാറ്റമൊന്നുമില്ല. തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടര്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്ന് നേരത്തേ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തിയിരുന്നു. പിന്നാലെ വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍വെച്ചാണ് 1989-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായസംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക. സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാര്‍ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കമ്മീഷന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News