പാരീസ്:തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്തുവെക്കുകയായിരുന്നു.
വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്‌ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മെലോണി ഇറ്റാലിയന്‍ പ്രധാനമന്ത്രി ആവുന്നതിന് മുമ്പ് 2022 ലാണ് വീഡിയോ പങ്കുവെച്ചത്.
ഇത്തരത്തിലുള്ള മാനനഷ്ടക്കേസുകള്‍ക്ക് ജയില്‍ ശിക്ഷവരെ ഇറ്റലിയില്‍ ലഭിക്കാറുണ്ട്. ജൂലായ് രണ്ടിന് മെലോണി കോടതിയില്‍ ഹാജരാവും. യുഎസില്‍ നിന്നുള്ള ഒരു പോണോഗ്രഫി വെബ്‌സൈറ്റിലാണ് വീഡിയോ അപ് ലോഡ് ചെയ്തത് ദശലക്ഷക്കണിക്കാനാളുകള്‍ അത് കണ്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നും മുഴുവന്‍ തുകയും പുരുഷന്റെ ആക്രമണത്തിന് ഇരയാവുന്ന വനിതകള്‍ക്കുള്ള പിന്തുണയായി നല്‍കുമെന്നും മെലോണിയുടെ അഭിഭാഷക മരിയ യുലിയ മരോംഗിയു പറഞ്ഞു. ഇരകളായ സ്ത്രീകള്‍ ആരോപണം ഉന്നയിക്കാന്‍ ഭയപ്പെടാതിരിക്കാന്‍ ഇതൊരു സന്ദേശമാവുമെന്നും അഭിഭാഷക പറഞ്ഞു.
എഐയുടെ സഹായത്തോടെ നിര്‍മിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കത്തെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. ദുരുദ്ദേശത്തോടുകൂടിയാണ് ഇത്തരം വീഡിയോകള്‍ നിര്‍മിക്കപ്പെടാറുള്ളത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടവ. ആഗോള തലത്തില്‍ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വലിയ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരും ചലച്ചിത്ര താരങ്ങളും പൊതു വ്യക്തിത്വങ്ങളും ഡീപ്പ് ഫേക്കിന്റെ ഇരകളാവാറുണ്ട്.