റിലേഷൻഷിപ്പിൽ എത്തിയപ്പോഴാണ് അതിന്റെ കാഠിന്യം മനസിലായത്; എല്ലാവർക്കും വർക്കാവില്ല; മനസ്സുതുറന്ന് ഷൈൻ ടോം
കൊച്ചി:മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. അങ്ങനെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെയാണ് ഷൈൻ പല വിവാദങ്ങളിലും ചെന്ന് ചാടുന്നത്. പോയ വർഷം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഷൈൻ ടോം ചാക്കോ. നിരവധി സിനിമകളാണ് നടന്റേതായി ഇറങ്ങിയത്.
തന്റെ ജീവിതവും ആരോഗ്യവുമെല്ലാം സിനിമയ്ക്ക് മാത്രമായി ഉഴിഞ്ഞു വെച്ചിരിക്കുന്ന നടനാണ് ഷൈൻ. ഇരുപത്തിനാല് മണിക്കൂറും സിനിമയ്ക്കുള്ളിൽ ജീവിക്കാൻ കഴിഞ്ഞാൽ അതിൽപ്പരം സന്തോഷം മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നയാളാണ് നടൻ. വിശ്രമം പോലും ഒഴിവാക്കി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിലാണ് താരം. ഇതിനകം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം ഷൈൻ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
നാനി നായകനായ ദസറയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ഷൈൻ തെലുങ്കിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുന്നത്. നായകൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ തുടങ്ങി ഏത് വേഷവും അനായാസം ഷൈൻ കൈകാര്യം ചെയ്യും. അഹാന നായികയാവുന്ന അടിയാണ് ഷൈന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ഷൈൻ ഇപ്പോൾ. അതിനിടെ പ്രണയത്തെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പ്രണയം എല്ലാവർക്കും വർക്ക് ആവില്ലെന്നും താൻ പ്രണയത്തിലായ ശേഷമാണു ഈ പരിപാടി നടക്കില്ലെന്ന് മനസിലായതെന്നും ഷൈൻ പറയുന്നുണ്ട്. ‘പ്രണയം എല്ലാവർക്കും വർക്ക് ആവില്ല. ചിലർക്ക് അതുണ്ടെങ്കിലെ നിലനിൽപ്പുള്ളൂ. ചിലർക്ക് അതുണ്ടെങ്കിൽ നിലനിൽപ്പേ ഇല്ല. എനിക്ക് റിലേഷൻഷിപ് ഉണ്ടായിരുന്നു. അപ്പോഴാണ് അതിന്റെ കാഠിന്യം മനസിലായത്. എനിക്ക് ഈ പരിപാടി നടക്കില്ലെന്നും മനസിലായി.
ഇതിന്റെ മറ്റൊരു വശം എന്താണെന്ന് വെച്ചാൽ ഒരു ഘട്ടത്തിൽ നമ്മൾ ആരുമില്ലാതെ നടക്കേണ്ടി വരും. നമ്മൾ ഒറ്റപ്പെടുന്ന സമയം വരും. അപ്പോഴാണ് അതിന്റെ ആഘാതം അറിയുക,’ എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.
നേരത്തെ മറ്റൊരു അഭിമുഖത്തിൽ അഭിനയത്തിൽ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലെല്ലാം താൻ പരാജയമാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു. സിനിമ കാരണം തന്റെ മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും വിവാഹ ബന്ധങ്ങളോ റിലേഷൻഷിപ്പുകളോ പരിപാലിക്കാൻ തനിക്ക് കഴിയാത്തത് അതുകൊണ്ടാണെന്നുമാണ് ഷൈൻ പറഞ്ഞത്.
ക്യാമറയുടെ മുന്നിൽ തനിക്ക് വളരെ നാച്ചുറലായി നിൽക്കേണ്ടതു കൊണ്ടാണ് അതിലൊക്കെ പരാജയപ്പെടുന്നതെന്നും ഷൈൻ പറഞ്ഞു. കുടുംബക്കാരൊക്കെ എത്രകാലം കൂടെയുണ്ടാകും? നമ്മുടെ ജീവനുണ്ടാകുന്ന കാലം വരെ ഉണ്ടാകുമോ? അല്ലെങ്കിൽ അവർക്ക് ജീവനുള്ള കാലം വരെ നമ്മൾ ഉണ്ടാകുമോ. നമ്മൾ കൂടെ കൊണ്ട് പോകേണ്ടത് നമ്മുടെ ആത്മാവിനെയാണ്. അതുകൊണ്ട് നമ്മൾ നമ്മുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തണം.
അല്ലാതെ ആളുകളെ സംതൃപ്തിപ്പെടുത്തുകയല്ല വേണ്ടത്. അവരെ നമ്മൾ ഓവറായി ഉള്ളിലേക്ക് എടുത്താൽ അവരുടെ പരിപാടിയും നടക്കില്ല, നമ്മുടെ പരിപാടിയും നടക്കില്ല എന്നായിരുന്നു ഷൈൻ പറഞ്ഞത്. അതേസമയം, ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് അടി നിർമ്മിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.