കാമുകന് ആദ്യം മെസേജയച്ച് ഞാനാണ്; വിവാഹം നടന്നാൽ നടന്നു; ഇപ്പോഴും അതൊരു സൗഹൃദമാണ്; ശ്രുതി
ചെന്നൈ:തമിഴ്, തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി ഹാസൻ. ഒരു താരപുത്രിക്ക് പൊതുവെ കണ്ട് വരുന്ന കരിയർ ഗ്രാഫല്ല ശ്രുതി ഹാസന്. കമൽ ഹാസന്റെ മകളെന്ന ലേബലിൽ അറിയപ്പെടാതെ കരിയറിൽ സ്വന്തം വഴി തേടിയ ശ്രുതിക്ക് വിജയ പരാജയങ്ങൾ ഒരുപോലെ വന്നു. എന്നാലും കരിയറിൽ തന്റേതായ ഒരു പേര് നേടിയെടുക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു.
മകൾക്ക് വേണ്ടി അവസരങ്ങളുണ്ടാക്കാൻ കമൽ ഹാസനോ അച്ഛന്റെ പേരിൽ അവസരങ്ങൾ ലഭിക്കാൻ ശ്രുതി ഹാസനോ ശ്രമിച്ചില്ല. നടി, ഗായിക, നർത്തകി, സംഗീത സംവിധായിക തുടങ്ങി പല മേഖലകളിൽ ശ്രുതി ഹാസന് പേരെടുക്കാൻ സാധിച്ചു. ശ്രുതി ഹാസന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടിയെക്കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. എന്നാൽ ഇതിനൊന്നും നടി ചെവി കൊടുക്കാറില്ല.
ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി ദീർഘ നാളായി പ്രണയത്തിലാണ് ശ്രുതി ഹാസൻ. കാമുകനൊപ്പമുള്ള ചിത്രങ്ങളും ശ്രുതി പങ്കുവെക്കാറുണ്ട്. രണ്ട് പേരും മുംബൈയിൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. കമുദം സിനിമ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കാമുകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. കാമുകൻ ശന്തനു സുഖമായിരിക്കുന്നെന്നും മുംബൈയിൽ തിരക്കിലാണെന്നും ശ്രുതി ഹാസൻ അഭിമുഖത്തിൽ പറഞ്ഞു. അവൻ വളരെ ദയയുള്ളവനാണ്.
ഞാൻ നിരവധി പേരെ കണ്ടിട്ടുണ്ട്. ഇത്രയും ദയ ഞാൻ കണ്ടിട്ടില്ല. വളരെ കഴിവുള്ളയാളാണ്. തമാശക്കാരനാണ്. അവനിൽ നിന്നും ഒരുപാട് പഠിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. തമിഴ് ഇപ്പോഴും അറിയില്ല. എന്നാൽ ചെറിയ ചില വാക്കുകൾ അറിയാം. വേണ്ട എന്ന വാക്കാണ് ആദ്യം അവൻ പഠിച്ച തമിഴ് വാക്ക്. തമിഴ് സംസാരിക്കില്ലെങ്കിലും തമിഴ് കേട്ടാൽ മനസ്സിലാവുമെന്നും നടി വ്യക്തമാക്കി.
‘അവന്റെ ആർട്ട് വർക്ക് ഒരു സുഹൃത്ത് മുഖേന ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ടു. സുഹൃത്ത് ഒരു ആർട്ട് ഗാലറി വെച്ചിരുന്നു. അതിലവൻ ഒരു വർക്ക് ചെയ്തു. ഞാനാണ് ഫോൺ വിളിച്ച് ചോദിച്ചത് ഏതാണീ ആർട്ടിസ്റ്റെന്ന്. 2017 ലാണ് ഇതൊക്കെ നടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഞാനാണ് അവന് ആദ്യം മെസേജ് അയക്കുന്നത്. അതിന് ശേഷം ഒരു ഫ്രണ്ട്ഷിപ്പ് വന്നു. അവനെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇപ്പോഴും അതൊരു ഫ്രണ്ട്ഷിപ്പാണ്. അത് കുറേപ്പേർക്ക് മനസ്സിലാവുന്നില്ല’
‘ചില സമയത്ത് ഞാൻ ബെസ്റ്റ് ഫ്രണ്ടെന്ന് ഇൻസ്റ്റഗ്രാമിൽ കുറിക്കും. കണ്ടോടാ കാമുകനെ ഇപ്പോൾ ഫ്രണ്ടാക്കിയെന്ന് കമന്റുകൾ വരും. പങ്കാളിയുമായി സുഹൃത്തുക്കളാവാനാണ് നമ്മൾ ലക്ഷ്യം വെക്കേണ്ടതെന്ന് ഞാൻ കരുതുന്നു. അതായിരുന്നു നാളുകളായുള്ള എന്റെ സ്വപ്നം. കാരണം ഒരു സൗഹൃദമുണ്ടെങ്കിൽ സ്വാഭാവികമായും സ്നേഹവും ബഹുമാനവും തമാശയും വരും’
‘അതിന് ശേഷം ബാക്കിയെല്ലാം കൈകാര്യം ചെയ്യാം. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് സംഭവിക്കുയാണെങ്കിൽ സംഭവിക്കും. ഇല്ലെങ്കിൽ ഇല്ല. പ്ലാൻ ചെയ്യുന്നത് തെറ്റല്ല. അത് നിങ്ങളുടെ ജീവിത രീതിയാണ്. ഇതെന്റെയും,’ ശ്രുതി ഹാസൻ പറഞ്ഞു. അക്ഷര ഹാസൻ എന്നാണ് ശ്രുതി ഹാസന്റെ അനിയത്തിയുടെ പേര്.
കമൽ ഹാസന് നടി സരികയിൽ ജനിച്ച മക്കളാണ് ശ്രുതിയും അക്ഷരയും. കമലും സരികയും പിന്നീട് വേർപിരിയുകയും ചെയ്തു. നടി ഗൗതമിയുമായി പിന്നീട് കമൽ ഹാസൻ ലിവ് ഇൻ റിലേഷൻഷിപ്പിലേക്കും കടന്നു. എന്നാൽ പിന്നീട് ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു.