കണ്ണൂര്‍: സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചത് താന്‍തന്നെയല്ലെന്നും നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍. ‘ഞാന്‍ പറഞ്ഞിട്ടല്ല എനിക്ക് ജോലി തന്നത്.
നിയമനം നടത്തുമ്പോള്‍ കേരളത്തില്‍ പോലും താന്‍ ഉണ്ടായിരുന്നില്ല. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എന്ത് മറുപടിയാണ് നല്‍കേണ്ടത്’ – ഗോപിനാഥ് രവീന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെര്‍ച്ച് കമ്മിറ്റിയില്ലാതെ തന്നെയാണ് മുമ്പും നിയമനം നടന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു. അത് തുടര്‍ന്ന് പോരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നാണ് കരുതുന്നതെന്നും വി.സി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും ബാധകമാവുമെന്നാണ് കരുതുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി കൊടുക്കാന്‍ അഞ്ചാം തീയതി അഞ്ചുമണിവരെ സമയമുണ്ട്. മറുപടി നല്‍കുമെന്നും വി.സി പറഞ്ഞു.
സര്‍വകലാശാലയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോവും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്‍മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ അടിയാണ്. നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.