രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതില്‍ അടയ്ക്കാതെ വൃത്തിയാക്കിയത് വിനയായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് അനിമല്‍ കീപ്പര്‍ മരിച്ച സംഭവത്തില്‍ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്കു ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ വാതില്‍ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കഴിഞ്ഞ ദിവസമാണ് ഹര്‍ഷാദ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.

രണ്ടു കൂടുകളാണു രാജവെമ്പാലയെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേതു ചെറുതുമാണ്. മൃഗശാലയിലെത്തുന്ന ആളുകള്‍ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്. ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരു കൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ച് അപകടം ഉണ്ടാകാതിരിക്കാനാണിത്.

ഉച്ചയ്ക്ക് 12.15ന് ഹര്‍ഷാദ് വലിയ കൂട്ടിലേക്കു ക്ലീനിങിനായി കയറുമ്പോള്‍ അതിനുള്ളില്‍ പാമ്പില്ലെന്നു ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിങ് നടത്തിയത്. ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടു താഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതില്‍ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടില്‍ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലപ്പോള്‍ പാമ്പ് വലിയ കൂട്ടിലേക്കു കയറിയിരിക്കാമെന്ന തെറ്റിദ്ധാരണയാകാം അപകടത്തിലേക്കു നയിച്ചത്. കൂടിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും കൂടിന്റെ പിന്‍ഭാഗത്തുള്ള മാറ്റക്കൂടിനടുത്തു കാമറകള്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കൂടിനുള്ളിലെ ക്യാമറയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ നല്‍കണമെന്നു പൊലീസ് നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News