വൈഗയെ കൊലപ്പെടുത്തിയതെന്ന് സംശയം, സനു മകളെ ഫ്‌ളാറ്റില്‍ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയില്‍

കാക്കനാട്: 13 വയസ്സുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ലാത്തത് പൊലീസിനെ വലയ്ക്കുന്നു. നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മാര്‍ച്ച് 21-ന് രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ കുട്ടിയെ പിതാവ് തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പോലീസ് സംശയിക്കുന്നത്. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നില്‍ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. അടുത്ത ദിവസം അന്വേഷണത്തിനായി പുതിയ സംഘം തമിഴ്നാട്ടിലേക്ക് പോകും.

കങ്ങരപ്പടിയിലെ ഫ്ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വര്‍ഷമായി താമസിച്ചിരുന്നത്.കഴിഞ്ഞ 21-ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്.

രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോണ്‍ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്.

സനുവിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍നിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News