NationalNews

അരിവിഹിതത്തെക്കുറിച്ച് ചോദിച്ച കര്‍ഷകനോട് മരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി; പരാമര്‍ശം വിവാദത്തില്‍

ബെംഗളൂരു:കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയേത്തുടർന്ന് പൊതുവിതരണ സംവിധാനത്തിലൂടെ നൽകുന്ന അരി വിഹിതം വെട്ടിക്കുറച്ചതിനെപ്പറ്റി ആരാഞ്ഞ കർഷകനോട് കർണാടക ഭക്ഷ്യമന്ത്രി ഉമേഷ് കാട്ടി കടുത്ത ഭാഷയിൽ സംസാരിച്ചത് വിവാദമായി.

സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് സംസ്ഥാനത്തെങ്ങും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് കാലത്ത് രണ്ട് കിലോ അരി പൊതുവിതരണ സംവിധാനത്തിലൂടെ നൽകിയാൽ അത് എങ്ങനെ തികയും എന്ന് ചോദിച്ച കർഷകനോടാണ് മന്ത്രി കോപിച്ചത്. മൂന്ന് കിലോ റാഗിയും സർക്കാർ നൽകുന്നുണ്ടെന്ന് മന്ത്രി ആദ്യം പറഞ്ഞു. എന്നാൽ അത് ഉത്തര കർണാടകയിൽ ലഭിക്കുന്നില്ലെന്ന് കർഷകൻ മറുപടി നൽകി. തുടർന്നാണ് മന്ത്രി അദ്ദേഹത്തോട് കയർത്തത്.

സംഭാഷണം ഇങ്ങനെയാണ്

കർഷകൻ:സർ ലോക്ക്ഡൗൺ ആയതിനാൽ വരുമാനം ഒന്നുമില്ല. നിലവിലെ അരി വിഹിതം മതിയാകുമോ ?
മന്ത്രി:ലോക്ഡൗൺ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നൽകാറുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അത് ലഭിക്കും
കർഷകൻ: ഞങ്ങൾക്ക് എന്ന് കിട്ടും ?
മന്ത്രി:അടുത്തമാസം
കർഷകൻ:അതുവരെ ഞങ്ങൾ പട്ടിണി കിടന്ന് മരിക്കണോ ?
മന്ത്രി: മരിക്കുന്നതാണ് നല്ലത്. വിതരണം നിർത്തിയത് അതിനുവേണ്ടിയാണ്. ദയവായി ഇനി വിളിക്കരുത്

മന്ത്രിയുടെ മറുപടി വിവാദമായതോടെ രൂക്ഷ വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി ഉമേഷ് കാട്ടിയെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി പിന്നീട് രംഗത്തെത്തി. തനിക്ക് മരിക്കണമെന്ന് ഒരാൾ പറയുമ്പോൾ താൻ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button