കൊച്ചി:മലയാളത്തിലെ താരപുത്രന്മാരിൽ പ്രധാനിയാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിന്റെയും അമ്മ പർവ്വതിയുടെയും പാതയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടൻ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന താരമാണ്. തമിഴിൽ കൈനിറയെ ചിത്രങ്ങളുള്ള യുവതാരമാണ് നടൻ. നിരവധി ആരാധകരാണ് കാളിദാസിന് ഉള്ളത്. സൂപ്പർ ഹിറ്റായ വിക്രം അടക്കമുള്ള സിനിമകളാണ് കാളിദാസിനെ തമിഴ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാക്കിയത്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കും എത്തുകയാണ് കാളിദാസ്. രജനി ആണ് താരത്തിന്റെ പുതിയ ചിത്രം. കാളിദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായികയാകുന്നത്. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് കാളിദാസ് ഇപ്പോൾ.
അടുത്തിടെയാണ് കാളിദാസ് തന്റെ പ്രണയം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നടിയും മോഡലുമായ താരിണി ആണ് നടന്റെ പ്രണയിനി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതുകൊണ്ടാ തന്നെ കാളിദാസിന്റെ സിനിമാ വിശേഷങ്ങളേക്കാൾ ആരാധകർ അറിയാൻ ആഗ്രഹിക്കുന്നത് നടന്റെ പ്രണയത്തെ കുറിച്ചാണ്. അത് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അവതാരക താരിണിയെ കുറിച്ച് ചോദിച്ചത്.
താരിണിയെ പറ്റി കുറെ കാര്യങ്ങൾ പറയാനുണ്ടെന്നാണ് കാളിദാസ് പറഞ്ഞത്. “ഞങ്ങൾക്ക് ഒരേ താല്പര്യങ്ങളൊക്കെയാണ്. ഞങ്ങൾക്കിടയിൽ പൊതുവായ കുറെ കാര്യങ്ങളുണ്ട്. അതുകൊണ്ട് സംസാരിച്ചിരിക്കാനും ഒരു സംഭാഷണം തുടർന്നുകൊണ്ടുപോകാനൊന്നും ഒരു ബുദ്ധിമുട്ടുമില്ല. ആള് നന്നായി സംസാരിക്കും, ഞാൻ അത്രയും അങ്ങോട്ട് സംസാരിക്കില്ല. അതുകൊണ്ട് തന്നെ അത് ബാലൻസ് ചെയ്ത് പോകും,” കാളിദാസ് ജയറാം പറഞ്ഞു.
പ്രണയം വെളിപ്പെടുത്തിയ ശേഷം സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രതികരണത്തെ കുറിച്ചും കാളിദാസ് പറഞ്ഞു. ഒരുപാട് പേർ ആശംസകൾ അറിയിച്ചിരുന്നു. ചിലർ കരയുന്ന സ്മൈലി ഒക്കെ ഇട്ടാണ് മെസേജ് ചെയ്തത്. എനിക്ക് വേണ്ടി കരയാൻ ഇത്രയും പേരുണ്ടായിരുന്നോ എന്നാണ് അപ്പോൾ ചിന്തിച്ചത് എന്നാണ് നടൻ പറഞ്ഞത്. കുടുംബത്തെ കുറിച്ചും കാളിദാസ് വാചാലനായി. എപ്പോഴും കണക്ടഡ് ആയിരിക്കാൻ ശ്രമിക്കുന്നവരാണ് തങ്ങൾ നാല് പേരുമെന്നും താരപുത്രൻ പറഞ്ഞു.
“ഞങ്ങൾ നാല് പേരും വളരെ കണക്ടഡ് ആയിരിക്കാൻ ശ്രമിക്കുന്നവരാണ്. എവിടെ ആണെങ്കിലും അന്നന്നുള്ള കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ഒരുപാട് ദിവസം ഞങ്ങൾ സംസാരിക്കാതെ ഇരുന്നിട്ടേ ഇല്ല. മാക്സിമം ഒരു ദിവസം. എന്റെ ഫ്രൻഡ്‌സൊക്കെ എന്നെ കളിയാക്കും. എവിടെങ്കിലും പോയാൽ തന്നെ രാത്രിയാകുമ്പോൾ ഞാൻ അമ്മയ്ക്ക് ഫോൺ ചെയ്ത് എവിടെയാണ് എന്നൊക്കെ പറയും. കാണുമ്പൊൾ വളരെ സില്ലിയാണ്. പക്ഷെ എനിക്ക് അത് ചെയ്യുമ്പോഴാണ് സന്തോഷം,” കാളിദാസ് പറഞ്ഞു.
സിനിമകൾ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് ഉപദേശമൊന്നും തേടാറില്ല. പക്ഷെ ഇങ്ങനെയൊരു സിനിമ ഞാൻ ചെയ്യാൻ പോവുകയാണെന്ന് പറയും. അപ്പോൾ അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ചിലപ്പോൾ എനിക്ക് സഹായകമായേക്കും. അതുകൊണ്ട് ഞാൻ പുതിയ സിനിമകൾ ചെയ്യാൻ പോകുന്നതിന് മുൻപ് പറയാറുണ്ട്. വീട്ടിൽ എന്റെ ക്രിട്ടിക്ക് ചാക്കിയാണ്. സിനിമ നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും. മോശം ആണെങ്കിൽ അത് തന്നെ പറയുമെന്നും കാളിദാസ് പറഞ്ഞു.
ചക്കി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ ഒന്നും ആർക്കും സിനിമയിലേക്ക് വരാൻ കഴിയില്ലല്ലോ. ഒരു ആർട്ടിസ്റ്റ് ആവണമെങ്കിൽ അതിന്റെതായ എഫോർട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനോടുള്ള ഒരു ഡെഡിക്കേഷനും പാഷനുമൊക്കെ ഉണ്ടെങ്കിൽ ചക്കിയും തീർച്ചയായും വരും. അപ്പയും ഞാനും ഒന്നിച്ചുള്ള സിനിമ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും കാളിദാസ് ജയറാം അഭിമുഖത്തിൽ പറഞ്ഞു.