ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തൃശൂര്‍ ജില്ലാ ഭരണകൂടം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് മാനദണ്ഡങ്ങളുമായി തൃശൂര്‍ ജില്ല ഭരണകൂടം. ദര്‍ശനത്തിന് വരുന്നവര്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആദ്യഘട്ടത്തില്‍ ഒരുദിവസം 2000 പേരെ മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂവെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ഒരുദിവസം നടത്താവുന്ന പരമാവധി വിവാഹങ്ങളുടെ എണ്ണം 25 ആക്കി ചുരുക്കി. ഒരു വിവാഹത്തിന് വധൂവരന്മാര്‍ ഉള്‍പ്പെടെ 12 പേര്‍ മാത്രമേ പാടുള്ളൂ. ഇവരും കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല.

കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നു എന്നത് ദേവസ്വവും ആരോഗ്യ വിഭാഗവും ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്ത് കച്ചവടം നടത്താനും കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News