വിക്രമും പ്രഗ്യാനും ഉറക്കത്തില്‍ത്തന്നെ;സിഗ്നലുകൾ ലഭിച്ചില്ലെന്ന് ISRO, ശ്രമങ്ങൾ തുടരും

ശ്രീഹരിക്കോട്ട: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ശ്രമം ആരംഭിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ -ISRO) അറിയിച്ചു.

എന്നാല്‍ ആദ്യ ശ്രമത്തില്‍ വിക്രമില്‍നിന്നോ പ്രഗ്യാനില്‍നിന്നോ ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇസ്‌റോ അറിയിച്ചു.

വെള്ളിയാഴ്ച ലാന്‍ഡറിനേയും റോവറിനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു ഇസ്‌റോയുടെ പദ്ധതി. ചന്ദ്രനില്‍ വീണ്ടും സൂര്യനുദിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്. ഇതോടെ സുപ്രധാന ആശയവിനിമയ സര്‍ക്യൂട്ടായ വെയ്ക്-അപ് സര്‍ക്യൂട്ട് ആക്ടിവേറ്റാകും.

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡറും റോവറും 10 ഭൗമദിനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. സെപ്റ്റംബര്‍ 2ന് റോവറും സെപ്റ്റംബര്‍ 4ന് ലാന്‍ഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു.

ചില പ്രത്യേക കാരണങ്ങളാല്‍ റോവറിനേയും ലാന്‍ഡറിനേയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വെള്ളിയാഴ്ചയില്‍നിന്ന് ശനിയാഴ്ചത്തേക്ക് മാറ്റിയതായി സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു.

സ്ലീപ് മോഡില്‍നിന്ന് മാറ്റി വിക്രമിനേയും പ്രഗ്യാനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും റോവറിനെ 300-350 മീറ്റര്‍ ദൂരം മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നതായും എന്നാല്‍ റോവറിനെ 105 മീറ്റര്‍ ദൂരത്തേക്ക് മാത്രമേ മാറ്റാനേ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രനില്‍നിന്ന് ലഭിച്ച നിര്‍ണായകവിവരങ്ങളില്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണെന്നും ദേശായി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News