‘വരത്തനെന്നു വിളിക്കാൻ വടക്കുള്ളവര്‍ക്കു കുറച്ചുകാലം മാത്രം അവസരം’ സുരേഷ് ഗോപി കണ്ണൂരിൽനിന്നു ലോക്സഭയിലേക്ക്?
കണ്ണൂർ: തന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നോ തൃശൂരിൽ നിന്നോ മത്സരിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്.
‘‘ആലപ്പുഴയിലെ കുട്ടനാട്ടിൽ ജനിച്ചയാളാണ് ഞാൻ. രണ്ടര വയസ്സായപ്പോൾ ആച്ഛന്റെ നാടായ കൊല്ലത്തേക്കു കൊണ്ടുപോയി. അവിടെയാണ് പഠിച്ചതും വളർന്നതും. പിന്നീട് ഒരു തൊഴിൽ തേടി ചെന്നൈയിലേക്കു പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലുവർഷത്തെ അല്ലലുകൾക്കും വ്യാകുലതകൾക്കും ഇടയിലാണ് കരിയർ നട്ടുവളർത്തിയത്.
ഇന്ന് അതു നിങ്ങൾക്കൊരു തണൽമരമായി കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിനു വളം നൽകി വേരുറപ്പിച്ചത് ചെന്നൈയാണ്. ഭാര്യ വീടുള്ള തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം. തലസ്ഥാന നഗരിയിൽനിന്നു തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ചു കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്. അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും.’’– സുരേഷ് ഗോപി പറഞ്ഞു