ജറുസലേം: പലസ്തീനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ നബ്ലുസിലാണ് സംഭവം. 102 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പലസ്തീന്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരം. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആറ് പേര്‍ അത്യാസന്ന നിലയിലാണ്.
പ്രാദേശിക സമയം രാവിലെ പത്ത് മണക്കാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. സൈനിക വാഹനങ്ങള്‍ നബ്ലുസിലേക്ക് ഇരച്ചെത്തുകയായിരുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് ജനങ്ങളും ഇസ്രായേല്‍ സൈന്യവും ഏറ്റുമുട്ടി. കൊല്ലപ്പെട്ടവരില്‍ ഇസ്ലാമിക് ജിഹാദ് അംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന രണ്ടുപേരെ പിടിക്കാനാണ് സൈന്യമെത്തിയത് എന്നാണ് വിവരം. ഹുസ്സാം ഇസ്ലീന്‍, മുഹമ്മദ് അബ്ദുല്‍ ഗനി എന്നിവരെയാണ് പിടികൂടാനെത്തിയത്. രണ്ടുപേരെയും സൈന്യം വെടിവച്ച് കൊന്നു. നഗരത്തിലേക്കുള്ള പ്രധാന വഴികള്‍ അടച്ച ശേഷമായിരുന്നു സൈനിക വ്യൂഹം എത്തിയത്.
സൈനികരെ പലസ്തീന്‍ യുവാക്കള്‍ കല്ലുമായി നേരിട്ടു. ശക്തമായ കല്ലേറുണ്ടായതോടെ സൈന്യം അല്‍പ്പ നേരം മുന്നേറ്റം നിര്‍ത്തിവച്ചു. പിന്നീട് ലക്ഷ്യമിട്ട വീട്ടിലേക്ക് എത്തുകയായിരുന്നു. സൈനിക ഓപറേഷന്‍ നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ആര്‍മി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ നല്‍കിയില്ല. പ്രദേശത്തെ വീടുകളില്‍ ബുള്ളറ്റ് തറച്ച അടയാളമുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രക്തം തളംകെട്ടി നില്‍ക്കുന്നതും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും കാണാമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
അതേസമയം, വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ ഗസയില്‍ ഹമാസ് നിരീക്ഷണം ശക്തമാക്കിയെന്ന് സംഘടനയുടെ വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ അക്രമം നടത്തിയ ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പലസ്തീന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. റാമല്ല, നബ്ലുസ് എന്നിവിടങ്ങളിലാണ് പണിമുടക്ക്. ഇസ്രായേല്‍ സൈനിക കാവല്‍പുരകളിലേക്ക് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. എല്ലാ പലസ്തീന്‍കാരും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഇടയ്ക്കിടെ ഇസ്രായേല്‍ സൈന്യം പലസ്തീന്‍ മേഖലയില്‍ ആക്രമണം നടത്തിയിരുന്നു. ഒന്നര മാസത്തിനിടെ 61 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടും. നബ്ലുസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ അപലിപ്പിക്കുന്നുവെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദൈന പറഞ്ഞു.