തിരുവനന്തപുരം∙ നമ്മൾ സ്വാതന്ത്ര്യത്തിന്റെ 76ാം പിറന്നാൾ ആഘോഷിക്കുമ്പോൾ എൺപത് വർഷത്തോളമായി പലസ്തീൻ ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയാകുന്നുവെന്ന് കെ. മുരളീധരൻ എംപി. മണക്കാട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നീതി നിഷേധിക്കുമ്പോൾ പൊട്ടിത്തെറിയുണ്ടാകും. ഇസ്രയേലിനെതിരെ നടത്തിയത് ആക്രമണമല്ല. അതൊരു വികാര പ്രകടനമാണ്. പത്ത് തല്ല് കിട്ടിയാൽ തിരിച്ചൊരു ചവിട്ട് കൊടുത്താൽ ചവിട്ടിയത് ന്യായമാണോ അല്ലയോ എന്ന ചർച്ചയിലേക്ക് പോകേണ്ട കാര്യമില്ല.
ഇസ്രയേലിനെ ആക്രമിച്ചത് ഒരു എസി മുറിയിലിരുന്ന് ചർച്ച ചെയ്യേണ്ട കാര്യമല്ല. ജനം സഹിക്ക വയ്യാതെ ആക്രമിച്ചു. പകരം ഇസ്രയേൽ എന്താണ് ചെയ്യുന്നത്. വെള്ളവും വെളിച്ചവും കൊടുക്കാതെ ശ്വാസം മുട്ടിക്കുകയാണ്. അതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.
‘‘യാസർ അറാഫത്തിനെ രാഷ്ട്രത്തലവനായി കണ്ട്, അമേരിക്കൻ പ്രസിഡന്റിനെപ്പോലെ റഷ്യൻ പ്രസിഡന്റിനെപ്പോലെ സ്വീകരിച്ചവരാണ് നമ്മൾ. കാരണം ആ രാജ്യം അനുഭവിക്കുന്ന പീഡനങ്ങൾക്കാണ് പിന്തുണ നൽകിയത്.
പ്രധാനമന്ത്രി ചാടിക്കയറി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണ്. വൻശക്തികളായ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്തീൻ ജനതയെ തകർക്കാൻ ശ്രമിക്കുകയാണ്. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതുവരെ ആ മണ്ണിൽ സമാധാനം ഉണ്ടാകില്ല’’.–മുരളീധരൻ പറഞ്ഞു.