അങ്കാര: തുർക്കിഷ് നഗരമായ ഇസ്താംബൂൾ സന്ദർശിക്കരുതെന്ന് പൗരൻമാർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ സർക്കാർ. നഗരത്തിലുള്ള ഇസ്രായേലികൾ എത്രയും വേഗം നഗരം വിടണമെന്നും സർക്കാർ നിർദ്ദേശം നൽകി ജാഗ്രത നിർദ്ദേശ സൂചികയിൽ ഏറ്റവും ഉയർന്ന ലെവലായ നാലാണ് ഇസ്രായേൽ പുറപ്പെടുവിച്ചിരിക്കുന്നത്. തുർക്കിയിലെ മറ്റിടങ്ങളിൽ ലെവൽ 3 ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തുർക്കിയിലെത്തുന്ന ഇസ്രായേലികൾക്കെതിരെ ഇറാനിയൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാഗ്രതാ നിർദ്ദേശം.
നിങ്ങൾ ഇസ്താംബൂളിലാണെങ്കിൽ ഇസ്രായേലിലേക്ക് എത്രയും പെട്ടന്ന് തിരിച്ച് വരിക. ഇസ്താംബൂളിലേക്ക് ഒരു യാത്ര പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുക. ഒരു വെക്കേഷനും നിങ്ങളുടെ ജീവനേക്കാൾ വിലപ്പെട്ടതല്ല,’ ഇസ്രായേൽ വിദേശകാര്യ മന്ത്രി യർ ലാപിഡ് പറഞ്ഞു. ഇസ്രായേൽ വിനോദ സഞ്ചാരികളെ തുർക്കിയിൽ തട്ടിക്കൊണ്ട് പോവാൻ കഴിഞ്ഞ മാസം ശ്രമം നടന്നതായി ഞായറാഴ്ച റിപ്പോർട്ട് പുറത്തു വന്നിരുന്നു.
ഈ ഗൂഢാലോചന ഇസ്രായേൽ-തുർക്കി സുരക്ഷാ ഏജൻസികൾ തടഞ്ഞതായായിരുന്നു റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം നഗരത്തിൽ അങ്ങിങ്ങായി ഇറാനിയൻ ആക്രമണ സംഘത്തിന്റെ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേൽ സുരക്ഷാ ഏജൻസിയായ മൊസാദും തുർക്കിഷ് സുരക്ഷാ ഏജൻസികളും ഇത് സംബന്ധിച്ച് പരസ്പരം വിവരങ്ങൾ കൈമാറുന്നുമുണ്ട്.
അതേസമയം ഇസ്രായേൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേലിനെതിരായ തങ്ങളുടെ ആക്രമണം മൂന്നാമതൊരു രാജ്യത്ത് വെച്ച് നടത്തില്ലെന്നും ഇസ്രായേലിൽ തന്നെ വെച്ച് നടത്തുമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധി വ്യക്തമാക്കിയത്.