KeralaNews

തിരിച്ചടിച്ച് ഇസ്രയേൽ, 200ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഗാസ കത്തുന്നു

ഗാസ: ശനിയാഴ്ച രാവിലെ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ റോക്കറ്റ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ഹമാസിന്റെ പ്രകോപനത്തിനു പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ, അതിശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്നു രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ഒട്ടേറെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു. ഹമാസിന്റെ ആക്രമണത്തിൽ 40ൽ അധികം പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്.

പലയിടങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകൾ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും ഹമാസിന്റെ ആളുകൾ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹമാസിന്റെ ആയുധധാരികളായ പോരാളികൾ ഇസ്രയേൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാസയിൽവച്ച് കൊലപ്പെടുത്തിയ ഇസ്രയേൽ സൈനികന്റെ മൃതദേഹത്തോട് അക്രമികൾ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button