ഗാസ അതിര്‍ത്തിയില്‍ വ്യോമാക്രമണം തുടരുന്നു; വെസ്റ്റ് ബാങ്കില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറു പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 31 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ 126 പേരാണ് മരിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്തീന്‍ ജനത കടുത്ത പ്രതിഷേധം അറിയിച്ചു.

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍, നടന്ന ആക്രമണത്തില്‍ ഒരു ലെബനീസ് പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടു. അതേസമയം അയല്‍രാജ്യമായ സിറിയ രാജ്യത്തിന് നേരെ മൂന്ന് റോക്കറ്റുകള്‍ അയച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യമാണ് കിഴക്കന്‍ ജെറുസലേമില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News