ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. മരിച്ചവരില്‍ 41 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി മുതല്‍ ഗാസയിലുണ്ടായ റോക്കറ്റാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഗാസയിലെ അല്‍ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അറിയിച്ചു. അതേസമയം നിരവധി ആളുകള്‍ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഗാസയില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. യുഎന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി സംസാരിക്കും. കഴിഞ്ഞ ദിവസം ഗാസയില്‍ നിന്ന് 2800 റോക്കറ്റുകള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 1300ഓളം പലസ്തീനികള്‍ക്ക് പരുക്കേറ്റതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.
ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസുമായി ടെലിഫോണിലുടെ നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ചും ഇരുനേതാകളും ചര്‍ച്ച ചെയ്തു. ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടടപ്പെടുന്നതില്‍ ഇരുനേതാക്കളും ആശങ്ക പ്രകടപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
പലസ്തീന്‍ ജനതയുടെ സുരക്ഷ, സ്വാതന്ത്ര്യം, അന്തസ് എന്നിവയ്ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ബൈഡന്‍ സംസാരിച്ചിരുന്നു.