26.6 C
Kottayam
Saturday, May 18, 2024

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

Must read

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തുടരുന്ന മഴയും ഉടനെയെത്തുന്ന കാലവര്‍ഷവും ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍, മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു ഡ്രൈ ഡേ ആചരിക്കുന്നു. വീടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിന് ഇന്നത്തെ ദിവസം മാറ്റിവയ്ക്കണമെന്നു സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ വീടുകളും ചുറ്റുവട്ടവുമാണെന്നുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണു ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനമെടുത്തത്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

നമ്മുടെ നാട്ടില്‍ കാണുന്ന വരയന്‍ അഥവാ പുലികൊതുകുകള്‍ (ഈഡിസ്) വഴി പകരുന്ന വൈറസ് രോഗമാണു ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ. രോഗവാഹകരായ കൊതുക് കടിച്ചശേഷം മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

സാധാരണ വൈറല്‍ പനി പോലെയുള്ള ലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇതിനുപുറമേ കഠിനമായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവയും ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രോഗി സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടുകയും വേണം.

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും സമാനമായ ശുചീകരണം നടത്തണം.

മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍, റബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകള്‍ തുടങ്ങിയവയിലും കൊതുക് വളരാം. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്.

ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ആസൂത്രണം ചെയ്യുകയും വേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week