ഗാസായില്‍ ടാങ്കുകളും സൈന്യത്തേയും വിന്യസിപ്പിച്ചു; ഹമാസിനെതിരെ ഇസ്രായേല്‍ കരയുദ്ധം തുടങ്ങി

ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഗാസയിലെ ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം കരയുദ്ധം തുടങ്ങി. ഗാസാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ടാങ്കുകളെയും സൈന്യത്തെയും വിന്യസിച്ചു. വ്യോമ, കര പോരാട്ടം തുടങ്ങിയെങ്കിലും ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഗാസ ഭരിക്കുന്ന ഹമാസ് തിങ്കളാഴ്ച രാത്രി റോക്കറ്റാക്രമണം നടത്തുകയും ഇസ്രയേല്‍ ശക്തമായി തിരിച്ചടിക്കാനും തുടങ്ങിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യാഴാഴ്ചയും ഹമാസ് തീവ്രവാദികള്‍ റോക്കറ്റാക്രമണം അഴിച്ചുവിട്ടതോടെ ഇസ്രയേല്‍ സൈന്യം ശക്തമായ പ്രത്യാക്രമണത്തിന് ഒരുങ്ങുകയായിരുന്നു. ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്.

2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി- പലസ്തീന്‍ സംഘര്‍ഷമായി ഇതു മാറിയിരിക്കുകയാണ്. ഗാസയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ ഇസ്രായേലില്‍ മരിക്കുകയും ചെയ്തു. അതിനിടെ ഇസ്രയേലിലുള്ള അറബ് വംശജര്‍ നടത്തുന്ന പ്രതിഷേധങ്ങളും ആഭ്യന്തര കലാപത്തിന് തിരികൊളുത്തി. ഇതിനകം നാനൂറിലധികം പേര്‍ അറസ്റ്റിലായി.

ആഭ്യന്തര കലാപം അടിച്ചമര്‍ത്താന്‍ സുരക്ഷാ സേനയെ ശക്തിപ്പെടുത്താന്‍ ഇസ്രേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ഉത്തരവിട്ടിട്ടുണ്ട്. ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ രണ്ട് കാലാള്‍പ്പട യൂണിറ്റുകളും ഒരു കവചിത വാഹനവും നിലയുറപ്പിച്ച് കഴിഞ്ഞു. കുറഞ്ഞത് 7,000 കരുതല്‍ സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ട്.

വ്യോമാക്രമണം വെറും തുടക്കം മാത്രമാണെന്നാണ് ഇസ്രേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് നേരത്തെ പറഞ്ഞത്. സംഘര്‍ഷം വര്‍ധിപ്പിക്കാനായാലും അവസാനിപ്പിക്കാനായാലും അതിനു തയാറാണെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രതികരിച്ചിരുന്നു. ഏത്രയും വേഗം സംഘര്‍ഷംഅവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്ന് അന്താരാഷ്ട്ര സമൂഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ് സ്ഥിതിഗതികളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് യുഎന്നിന്റെ പശ്ചിമേഷ്യാ സമാധാനദൂതന്‍ തോര്‍ വെന്നസ്ലാന്‍ഡ് മുന്നറിയിപ്പു നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News