ന്യൂഡല്‍ഹി: ഇസ്രായേലില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിനെ വീണ്ടും ആദരിച്ച് രാജ്യം. സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം (ഓണററി സിറ്റിസണ്‍ഷിപ്പ്) നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. നാട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ ഹമാസിന്റെ റോക്കറ്റാക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.
‘ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്’- ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
അതേസമയം, സൗമ്യയ്ക്ക് മരണാനന്തര ബഹുമതിയായി ആദരസൂചക പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രായേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു.
മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു.