ഗാസയിലെ അവശേഷിച്ച കെട്ടിടങ്ങളും തകർത്ത് ഇസ്രയേൽ, 83 മരണം; മൂന്നുദിവസത്തിനിടെ തകർത്തത് 209 കെട്ടിടങ്ങൾ

ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങളും തകർത്ത് ഇസ്രയേൽ, 83 മരണം; മൂന്നുദിവസത്തിനിടെ തകർത്തത് 209 കെട്ടിടങ്ങൾ

ജറുസലം: ആക്രമണം ശക്തമായി തുടരുമെന്നു വ്യക്തമാക്കി, ഗാസ സിറ്റിയിൽനിന്നു പൂർണമായി ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു. മുന്നറിയിപ്പുനോട്ടിസുകൾ സേനാവിമാനങ്ങൾ വിതറി. ആക്രമണങ്ങളിൽ 83 പലസ്തീൻകാർ കൊല്ലപ്പെട്ടു. പട്ടിണിമൂലം 6 പേരും മരിച്ചു.

യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും ബഹുനിലകെട്ടിടങ്ങളും കൂടി ഇസ്രയേൽ ബോംബിട്ടുതകർത്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം 209 കെട്ടിടങ്ങൾ തകർന്നതായി അധികൃതർ വ്യക്തമാക്കി. 30 ബഹുനില കെട്ടിടങ്ങൾ തകർത്തെന്നാണു ഇസ്രയേൽ അറിയിച്ചത്. ഈ കെട്ടിടങ്ങൾ ഹമാസ് താവളങ്ങളാണെന്നാരോപിച്ചാണു നടപടി.

നേരത്തേ ഗാസ സിറ്റിയിലെ ചില മേഖലകളിൽനിന്ന് ഒഴിയാനാണു സൈന്യം ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഗാസ സിറ്റി പൂർണമായി ഒഴിയാനുള്ള നിർദേശമാണ് ഇന്നലെ നൽകിയത്. യുദ്ധത്തിനുമുൻപു ഗാസയിൽ ഏറ്റവുമധികം ആളുകൾ താമസിച്ചിരുന്ന മേഖലയാണു ഗാസ സിറ്റി.

നിലവിൽ ലക്ഷക്കണക്കിന് അഭയാർഥികളെക്കൊണ്ടു നിറഞ്ഞ തെക്കൻ ഗാസയിലെ അൽ മവാസി മേഖലയിൽ കൂടുതൽപേരെ ഉൾക്കൊള്ളാനാവില്ലെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. അഭയാർഥികൾക്കായുള്ള യുഎന്നിന്റെ 86,000 താൽക്കാലിക കൂടാരങ്ങൾ ഇസ്രയേൽ അനുമതി നൽകാത്തതുമൂലം ഗാസയിലെത്തിക്കാനുമായിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 64,605 പലസ്തീൻകാർ കൊല്ലപ്പെട്ടു.

ഫ്ളോറ്റില്ല ബോട്ടിനുനേരെ ഡ്രോൺ ആക്രമണം കയ്റോ ∙ ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ബാർസിലോന തുറമുഖത്തുനിന്നു പുറപ്പെട്ട സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഫ്ലോറ്റില്ല സംഘത്തിലെ പ്രധാനബോട്ടിനുനേരേ തുനീസിയ തുറമുഖത്തു ഡ്രോൺ ആക്രമണം. ബോട്ടിലുണ്ടായിരുന്ന 6 ആക്ടിവിസ്റ്റുകളും സുരക്ഷിതരാണ്.

അതേസമയം, ഡ്രോൺ ആക്രമണവാർത്ത നിഷേധിച്ച തുനീസിയ ആഭ്യന്തര മന്ത്രാലയം, ബോട്ടിനുളളിൽനിന്നാണു തീപടർന്നതെന്നും അവകാശപ്പെട്ടു. ബോട്ട് ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ ജൂണിൽ ഗ്രേറ്റയുടെ നേതൃത്വത്തിൽ പുറപ്പെട്ട കപ്പൽ ഗാസയിലെത്തും മുൻപേ, ഇസ്രയേൽ പിടിച്ചെടുത്ത് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരുന്നു. 44 രാജ്യങ്ങളിൽനിന്നുള്ള ആക്ടിവിസ്റ്റുകളാണു ഫ്ലോറ്റില്ല സംഘത്തിലുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News