InternationalNews

പ്രത്യാക്രമണവുമായി ഇസ്രയേൽ; മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ, ദേശീയ അടിയന്തരാവസ്ഥ

ടെൽ അവീവ് : ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി.

അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ.

ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിര്‍ക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത്. ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം.

മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.

24 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിന് ഉള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 1600 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button