ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ഹമാസിനുള്ള സമ്മാനം; യുകെയ്ക്ക് എതിരെ ഇസ്രയേല്‍

ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ഹമാസിനുള്ള സമ്മാനം; യുകെയുടെ തീരുമാനത്തിനെതിരേ ഇസ്രയേല്‍

ടെല്‍ അവീവ്: പലസ്തീന്‍ രാഷ്ട്രത്തെ യുകെ അംഗീകരിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍. ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

'ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു: ഈ അംഗീകാരം ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലം ആണെന്ന്.' വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹമാസിനെ ഒറ്റപ്പെടുത്തണമെങ്കില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ജപ്പാനും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം പലസ്തീനെ അംഗീകരിച്ച രാഷ്ട്രമാണ് യുകെ. ഫ്രാന്‍സും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. . ഗാസയില്‍ തുടരുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുക, വെടിനിര്‍ത്തലിന് സമ്മതിക്കുക, വെസ്റ്റ് ബാങ്കില്‍ അധിനിവേശമുണ്ടാകില്ലെന്ന് വ്യക്തമാക്കുക, ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കുന്ന ദീര്‍ഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധരാവുക എന്നിവയാണ് ബ്രിട്ടന്‍ ഇസ്രയേലിന് മുന്‍പില്‍ ഉയര്‍ത്തിയ ആവശ്യം. ഇവ ഇസ്രയേല്‍ അംഗീകരിക്കാത്ത പക്ഷം പലസ്തീന്‍ രാഷ്ട്രപദവിയെ പിന്തുണയ്ക്കുമെന്നാണ് സ്റ്റാര്‍മര്‍ അന്ന് മന്ത്രിമാരെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News