തിരുവനന്തപുരം: കൊവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതാണ്.
ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഐസൊലേഷന്‍ കെട്ടിടമാണ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് നടത്തുന്ന 250 കോടി രൂപയുടേതാണ് പദ്ധതി. ഈ പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കെ.എം.എസ്.സി.എല്‍.നേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2,400 ചതുരശ്ര അടി വിസ്ത്രീര്‍ണത്തിലുള്ളതാണ് കെട്ടിടം. ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിയന്തിരമായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്.
ഫാക്ടറിയില്‍ വെച്ച് തന്നെ ഡിസൈന്‍ ചെയ്തതനുസരിച്ചു നിര്‍മ്മിച്ച സ്ട്രക്ചറുകള്‍ കൊണ്ടുവന്നു സ്ഥാപിക്കുന്ന സാങ്കേതിക വിദ്യയാണിത്. നാലര മാസത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കാന്‍ സാധിക്കും. തിരുവനന്തപുരം ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി തയ്യാറാക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ സ്ഥലം മന്ത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.