ഫറ്റോര്‍ഡ:ഐഎസ്എല്ലില് പുതുവര്‍ഷത്തില്‍ വിജയത്തുടക്കമിടാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മോഹങ്ങള്‍ പൊലിഞ്ഞു. ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടുകളികളില്‍ 19 പോയന്‍റുമായാണ് മുംബൈ ഒന്നാമതെത്തിയത്. ഒരു ജയവും മൂന്ന് സമനിലയും നാലു തോല്‍വിയുമടക്കം ആറ് പോയന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആദം ഫോണ്ട്രേയും പതിനൊന്നാം മിനിറ്റില്‍ ഹ്യൂഗോ ബൗമോസുമാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസ് എടുത്ത പെനല്‍റ്റി രക്ഷപ്പെടുത്തി ആല്‍ബിനോ ഗോസമസ് ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വിഭാരം കുറച്ചു. ആദ്യ പത്തു മിനിറ്റിനുള്ളിലെ രണ്ട് ഗോളിന് പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സിന് പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. മുംബൈ നായകന്‍ അമരീന്ദറിന്‍റെ തകര്‍പ്പന്‍ സേവുുകളും ബ്ലാസ്റ്റേഴ്സിന് മുന്നില്‍ വിലങ്ങുതടിയായി.
ഇതിനിടെ രണ്ട് അപകടകരമായ പൊസിഷനില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചു. എന്നാല്‍ രണ്ടും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. 28ാം മിനിറ്റില്‍ വിസെന്‍റെ ഗോമസിന്‍റെ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. 30-ം മിനിറ്റില്‍ രണ്ട് മുംബൈ താരങ്ങളെ വെട്ടിച്ച് ബോക്സിലേക്ക് കയറി സഹല്‍ ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ മുംബൈയുടെ രക്ഷകനായി. 54-ാം മിനിറ്റില്‍ പൂട്ടിയയുടെ കിക്ക് മുംബൈ പ്രതിരോധം തട്ടിയകയറ്റിയതിന് പിന്നാലെ ജോര്‍ദാന്‍ മറെ മുംബൈ വല ചലിപ്പിച്ചെങ്കിലും റഫി ഓഫ് സൈഡ‍് വിധിച്ചു.
71-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരായ വീണ്ടും റഫറിയുടെ പെനല്‍റ്റി വിസില്‍ മുഴങ്ങിയത്. ബൗമസിനെ ബോക്സില്‍ സന്ദീപ് സിംഗ് ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ റീപ്ലേകളില്‍ സന്ദീപ് പന്തിനെയാണ് ടാക്കിള്‍ ചെയ്തത് എന്ന് വ്യക്തമായിരുന്നു. ബൗമസിന്‍റെ കിക്ക് തടുത്തിട്ട് ആല്‍ബിനോ ബ്ലാസ്റ്റേഴ്സിന്‍റെ മാനം കാത്തു. തൊട്ടുപിന്നാലെ വിന്‍സെന്‍റെ ഗോമസിന്‍റെ തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സാഹസികമായി തട്ടിയകറ്റി. പിന്നാലെ ലഭിച്ച അവസരം മുതലാക്കാന്‍ സഹലിനും കഴിയാതിരുന്നതോടെ പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റഴ്സ് തോറ്റു തുടങ്ങി.