ബെംഗളൂരു∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി താരം സുനിൽ ഛേത്രിക്ക് ഗോൾ അനുവദിച്ചതിലെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യയിലെ മുൻ റഫറിമാർ പ്രതികരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘‘അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിർ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോൾ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാൻ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.’’– ദേശീയ തലത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു മാധ്യമത്തോടു പറഞ്ഞു.
‘‘ഇന്ത്യൻ സൂപ്പർ ലീഗിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാർ) ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനം പിൻവലിക്കുമായിരുന്നു.’’– മുന്‍ റഫറി വ്യക്തമാക്കി. ബെംഗളൂരുവിനെക്കൊണ്ട് റീകിക്ക് എടുപ്പിക്കണമായിരുന്നെന്നും അഭിപ്രായം ഉയർന്നു. എക്സ്ട്രാ ടൈമിലെ ഫ്രീകിക്ക് ഗോള്‍ നേട്ടത്തിലാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ബെംഗളൂരു സെമിയിലെത്തിയത്. മുംബൈ സിറ്റിയാണ് സെമിയിൽ ബെംഗളൂരുവിന്റെ എതിരാളികൾ.
ബെംഗളൂരു ഗോള്‍ നേടിയതിനു പിന്നാലെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറി ക്രിസ്റ്റൽ ജോണിനെ സമീപിച്ചെങ്കിലും അതു ഗോൾ തന്നെയാണെന്ന നിലപാടിൽ റഫറി തുടരുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്‍ വുക്കൊമാനോവിച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. എക്സ്ട്രാ ടൈം അവസാനിച്ചതോടെ ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിച്ചു.
വിവാദ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടതോടെ ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐഎസ്എല്ലിലെ മോശം റഫറീയിങ്ങിനെയും വിവാദ ഫ്രീകിക്ക് ഗോൾ നേടിയ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്ത് ആരാധകർ രംഗത്ത് വന്നതിന് പിന്നാലെയാണ് ഛേത്രിയുടെ കോലം കത്തിക്കുന്ന വീഡിയോ പുറത്തുവന്നത്.
Sunil Chhetri's effigy (with the #BengaluruFC crest on it) was burnt in Kerala yesterday in the aftermath of #KBFC's game against the Blues. #IndianFootball #ISL #KBFC pic.twitter.com/Fq5jlfxulh
— VOIF (@VoiceofIndianF1) March 4, 2023
ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന് ശേഷം ആരാധകർ സുനിൽ ഛേത്രിയുടെ കോലം കത്തിക്കുന്നു എന്ന പേരിലാണ് ഒരു വീഡിയോ പുറത്തുവന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച് അവ്യക്തതയുണ്ട്.
പ്രതിഷേധസൂചകമായി സുനിൽ ഛേത്രിയുടെ കോലം കത്തിക്കുകയായിരുന്നു ആരാധകർ എന്നാണ് റിപ്പോർട്ടുകൾ. ഛേത്രിക്കെതിരെ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആരാധകർ ഈ കടന്ന കൈ പ്രയോഗം ചെയ്തത്. മലയാളത്തിലുള്ള അസഭ്യവർഷം വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബെംഗളൂരു എഫ്‌സിയുടെ ജേഴ്‌സിയും ഛേത്രിയുടെ ചിത്രവും ഉപയോഗിച്ച് അദേഹത്തിന്റെ കോലം തയ്യാറാക്കുന്നതും ഒടുവിൽ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യം വിളികളോടെ അത് കത്തിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
എന്നാൽ ഈ വീഡിയോ കേരളത്തിൽ എവിടെ നിന്നുള്ളതാണ് എന്നതിൽ വ്യക്തമല്ല. വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എങ്കിലും ഇത്രത്തോളം മോശമായി ഛേത്രിയെ അപമാനിക്കേണ്ടതില്ലെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ എല്ലാ സീമകളും ലംഘിക്കുകയാണ് എന്നും വിമർശിക്കുകയാണ് ഒരു വിഭാഗം ആരാധകർ. ഛേത്രിക്ക് അർഹമായ ബഹുമാനം നൽകണം എന്ന് ഇവർ വാദിക്കുന്നു.