തിരുവനന്തപുരം: പ്രളയകാലത്ത് ദുരിതാശ്വത്തിനായി ജനങ്ങളിൽ നിന്ന് പണം സമാഹരിയ്ക്കുന്ന സർക്കാർ റബ്കോയുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
റബ്കോയുടെ കടം സർക്കാർ എഴുതിത്തള്ളിയെന്ന മട്ടിൽ നടക്കുന്ന പ്രചരണങ്ങൾ അസംബന്ധമാണ്. ആരുടെയും ഒരു കടവും എഴുതിത്തള്ളിയിട്ടില്ല. അപ്പോപ്പിന്നെ സംഭവിച്ചത് എന്താണ്?
റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുമായി വായ്പ കുടിശിക ഉണ്ടായിരുന്നു. സഹകരണ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിന് ഈ തുക സർക്കാർ ബാങ്കുകൾക്ക് നൽകുകയും മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ കടം സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. അതായത്, റബ്കോ, മാർക്കറ്റ് ഫെഡ്, റബ്ബർ മാർക്ക് എന്നീ സ്ഥാപനങ്ങൾ ഇനി മുതൽ സർക്കാരിൻ്റെ കടക്കാരാണ്. സഹകരണ ബാങ്കിൽ നിന്ന് ആ കടം സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. വായ്പാ കുടിശിക അവർ ഇനി സർക്കാരിന് അടയ്ക്കേണ്ടി വരും. സംസ്ഥാന സഹകരണ ബാങ്കിന് അവർ ഒരു പൈസയും നൽകേണ്ടതില്ല. ഇത് എങ്ങനെ എഴുതിത്തള്ളലാകും?
കടം എഴുതിത്തള്ളൽ എന്തെന്ന് പറഞ്ഞുതരാം.
നമ്മുടെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് കോടിരൂപയുടെ വായ്പയാണ് കോർപ്പറേറ്റുകൾ എടുത്തിട്ടുള്ളത്. ഇതിൽ നല്ലൊരുപങ്ക് കിട്ടാക്കടമാണ്. 2014-18 ബിജെപി സർക്കാരിന്റെ ഭരണകാലത്ത് ബാങ്കുകൾ 3.17 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ഈ എഴുതിത്തള്ളിയ കടം സഹകരണ മേഖലയുടേതോ പൊതുമേഖലയുടേതോ അല്ല. 90 ശതമാനത്തോളം വൻകിട കുത്തകകളുടേതാണ്. ഇതുമൂലം ബാങ്കുകൾ നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താൻ 2017-18 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നൽകിയത് 88,139 കോടി രൂപയാണ്. 2018-19 ൽ 70,000 കോടി രൂപയും. ഇതിനെയാണ് ബാങ്ക് ക്യാപിറ്റലൈസേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്.
കോർപറേറ്റ് പ്രീണനത്തിൽ കോൺഗ്രസിനെ കവച്ചുവെയ്ക്കുകയാണ് ബിജെപി. വൻകിട മുതലാളിമാർ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയ്ക്കു നൽകിയ സഹായത്തിന്റെ പ്രത്യുപകാരമാണത്. കോർപറേറ്റുകൾ ബിജെപിയെ അധികാരത്തിലേറ്റുന്നു. ചുമതലയേറ്റ ഉടനെ അവരുടെ വൻതോതിലുള്ള കടം എഴുതിത്തള്ളുന്നു. ലാഭം ബിജെപിയ്ക്കും കോർപറേറ്റുകൾക്കും. നഷ്ടം ഖജനാവിനും.
കേരളത്തിൽ സഹകരണ സ്ഥാപനങ്ങളുടെ കടം ഏറ്റെടുത്തതിന്റെ ഫലമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ കേരളത്തിൽ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് ഒരു കേരള ബാങ്ക് രൂപീകരിക്കാനുള്ളപരിശ്രമത്തിലാണ്. ഈ ബാങ്ക് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായിരിക്കും. എൻആർഐ ഡെപ്പോസിറ്റുകൂടി സ്വീകരിക്കുവാനുള്ള അനുമതികൂടി ലഭിക്കുമ്പോൾ ഒരു സംശയവും വേണ്ട കേരളത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും ഇത്. നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ആധുനികവൽക്കരിക്കാനും വിപുലീകരിക്കാനും സഹായിക്കും. എല്ലാറ്റിനുമുപരി കേരളത്തിലെ നിക്ഷേപകുതിപ്പിന് ഉത്തേജകമാകും.
കേരള ബാങ്കിന് അനുമതി നൽകേണ്ടത് റിസർവ് ബാങ്കാണ്. സർക്കാരിന്റെ ഇതുസംബന്ധിച്ച ശുപാർശ പരിഗണിക്കുന്ന ഘട്ടത്തിൽ ആർബിഐ ഒരു കാര്യം ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണ ബാങ്കിന്റെ അറ്റ നഷ്ടം 247.69 കോടി രൂപയും 14 ജില്ലാ സഹകരണ ബാങ്കുകളുടെ അറ്റനഷ്ടം141.13 കോടി രൂപയുമാണ്. ഇതിനു കാരണം മാർക്കറ്റ് ഫെഡ്, റബർ മാർക്ക്, റെബ്കോ എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച വലിയ വായ്പകൾ എൻപിഎ ആയി മാറിയതാണ്.ടി സ്ഥാപനങ്ങളുടെ വായ്പാ കുടിശിക സംസ്ഥാന സഹകരണ ബാങ്കിന്റെ ആകെ എൻപിഎയുടെ 36 ശതമാനമാണ്. ഇവയ്ക്ക് പരിഹാരത്തുക വയ്ക്കുമ്പോഴാണ് ബാങ്കുകൾ നഷ്ടത്തിലാകുന്നത്. അതുകൊണ്ട് ഈ കുടിശികകൾ നീക്കം ചെയ്ത് ബാലൻസ് ഷീറ്റ് ക്ലീൻ ചെയ്യണം. എങ്കിലേ അനുമതി നൽകൂ.
ചില വിദ്വാൻമാർ വാദിക്കുന്നതുപോലെ ഈ മൂന്നു സ്ഥാപനങ്ങളെ ജപ്തി ചെയ്തതുകൊണ്ട് കുടിശിക ഇല്ലാതാക്കാനാവില്ല. അതിന് ഇപ്പോൾ കേരള സർക്കാർ സ്വീകരിച്ച മാർഗ്ഗമേ ഉപായമായുള്ളൂ. സർക്കാരിന്റെ മുന്നിലുള്ള ചോദ്യം കേരള ബാങ്ക് വേണോ എന്നതാണ്. വേണം എന്നാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത ഉത്തരം. അതിനുവേണ്ടി സ്വീകരിച്ച നടപടിയാണ് മൂന്നു സ്ഥാപനങ്ങളുടെ വായ്പാ കുടിശിക ഏറ്റെടുക്കൽ.
ഇതിന്റെ ഫലമായി സഹകരണ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ക്ലീൻ ആകുമെന്നല്ലാതെ ഈ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് ക്ലീൻ ആകണമെന്നില്ല. അവിടെ കുടിശിക തുടരും. ചർച്ചകളിലും ലേഖനങ്ങളിലും പലരും ചൂണ്ടിക്കാണിച്ച മാനേജ്മെന്റിലും ബിസിനസ് മോഡലിലും എല്ലാമുള്ള ഈ സ്ഥാപനങ്ങളുടെ വീഴ്ചകൾ പരിശോധിച്ച് മൊത്തം ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായിട്ടേ ഇവരുടെ കുടിശിക സംബന്ധിച്ച് തീരുമാനമെടുക്കൂ. ഇതാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ തുടർന്നു വരുന്ന നയം. അതിന്റെ നേട്ടം ആർക്കും കാണാവുന്നതാണ്. യുഡിഎഫ് സർക്കാരിന്റെ അവസാനവർഷം 213 കോടി രൂപയിലേറെ നഷ്ടത്തിലായിരുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ ധനകാര്യ വർഷം അവസാനിച്ചപ്പോൾ 102 കോടി രൂപ അറ്റലാഭത്തിലാണ്. ഇതുതന്നെയാണ് സഹകരണ മേഖലയിലും ഞങ്ങൾ ലക്ഷ്യമിടുന്നത്.
ഈ ഇടപെടലിനെ വിമർശിക്കുന്നത് ആരൊക്കെയാണ്? കോൺഗ്രസും ബിജെപിയും. എന്റെ പല പോസ്റ്റിലും കോൺഗ്രസുകാരെക്കാൾ ആവേശത്തോടെ ബിജെപി അനുഭാവികൾ എഴുതിത്തകർക്കുകയാണ്. ഉളുപ്പ് എന്നൊരു വികാരം അവർക്കില്ലാത്തതുകൊണ്ട് എന്തുമെഴുതാം. കോൺഗ്രസുകാരോട് ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ റബ്ബർ മാർക്കും മാർക്കറ്റ് ഫെഡും നിങ്ങളുടെ നിയന്ത്രണത്തിലാണ്.
ആരുടെ നിയന്ത്രണത്തിലുമാകട്ടെ, എൽഡിഎഫിന്റെ നയം സുതാര്യമാണ്. സഹകരണ മേഖലയെയും പൊതുമേഖലയെയും കൈയൊഴിയാൻ ഞങ്ങൾ തയ്യാറല്ല. റബ്കോ പോലുള്ള സ്ഥാപനങ്ങളുടെ മാനേജ്മെന്റിൽ മാറ്റം വരുത്തേണ്ടി വന്നേയ്ക്കാം. ഇന്നു് തുടരുന്നതുപോലെ പലതും തുടരാനും കഴിയില്ല. അക്കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റവും പൊളിച്ചെഴുത്തും കൂടിയേ തീരൂ. അതു ചെയ്യും. എന്നാൽ, വായ്പാകുടിശികയുടെ പേരിൽ സ്ഥാപനം നശിപ്പിക്കാനോ, തൊഴിലാളികളെ വഴിയാധാരമാക്കാനോ എൽഡിഎഫില്ല.
സഹകരണ മേഖലയോടുള്ള ആഭിമുഖ്യത്തിന്റെ പേരിലാണ് ബിജെപിയും കോൺഗ്രസും ഇടതുപക്ഷ സർക്കാരിനെ വിമർശിക്കുന്നതെങ്കിൽ, ആ വിമർശനം ഞങ്ങളുടെ ശരിയായ നയത്തിനുള്ള അംഗീകാരമാണ്.