KeralaNews

‘ദി കേരള സ്റ്റോറി’ക്ക് വിലക്കോ? നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമോപദേശം തേടിയത്. ചിത്രം മെയ് 5ന് പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. 

മുഖ്യമന്ത്രിയുടെ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മ്മിച്ചത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. 

കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍.അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത്  ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി  വിഭജനരാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിന്‍ബലത്തിലല്ല സംഘപരിവാര്‍ ഇത്തരം കെട്ടുകഥകള്‍ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് ഈ വ്യാജ കഥ. 

നാട്ടില്‍ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാന്‍ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നുണകള്‍ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസന്‍സല്ല. വര്‍ഗീയ – വിഭാഗീയ നീക്കങ്ങളെ മലയാളികള്‍ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പരത്താനുള്ള വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍  സ്വീകരിക്കും.
 

കേരള സ്റ്റോറീസ് സിനിമ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും സമൂഹത്തിൽ വിഷം കലർത്താനുള്ള നീക്കം ചെറുത്തു തോല്പിക്കുമെന്നും മന്ത്രി പറഞ്ഞു. ത്ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.


സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 


“കേരള സ്റ്റോറീസ് സിനിമ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസൻസല്ല. സമൂഹത്തിൽ വിഷം കലർത്താനുള്ള നീക്കം ചെറുത്തു തോല്പിക്കും. കേരള സ്റ്റോറീസ് എന്ന പ്രൊപ്പഗാണ്ട സിനിമ മെയ് അഞ്ചിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും 32,000 വനിതകളെ ഭീകരവാദ പ്രവർത്തനത്തിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തി അവരെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെമ്പാടും, ലോകത്തെമ്പാടും ഭീകരവാദ പ്രവർത്തനം നടത്തി എന്നതാണ് സിനിമയുടെ ആശയം എന്നാണ് മനസിലാക്കുന്നത്. ഇത് വസ്തുതകൾക്ക് നിരക്കുന്നതോ സാമാന്യബുദ്ധി ഉള്ള ആരും അംഗീകരിക്കുന്നതോ ആയ കാര്യമല്ല. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്ന നീക്കമായി മാത്രമാണ് ഇതിനെ കാണാൻ സാധിക്കുക.  

കേരളത്തിൽ ഇന്നുള്ള  മതസൗഹാർദ്ദപരമായ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ ഒരു സിനിമയായിട്ടാണ് ഇതിനെ കാണുന്നത്. വിദ്വേഷത്തിന്റെ വിത്തുകൾ മുളപ്പിച്ച് ഗുജറാത്തിലും ത്രിപുരയിലും കർണാടകയിലും തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും  കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുപ്പ് നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാൻ വേണ്ടിയുള്ള സംഘപരിവാറിന്റെ  ആസൂത്രിത നീക്കമാണ്  ഈ സിനിമ എന്നതാണ്  വസ്തുത. ഇത് ഒരു കാരണവശാലും കേരളീയ സമൂഹം അംഗീകരിക്കാൻ പോകുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മതമൈത്രി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.

ഇവിടുത്തെ ഹിന്ദു ആണെങ്കിലും മുസ്ലിമാണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും സാഹോദര്യമനോഭാവം നിലനിർത്തി ജീവിക്കുന്ന സ്ഥലമാണ് നമ്മുടെ നാട്. ഈ നാട് മുഴുവൻ ഭീകരവാദത്തിന്റെ വിളനിലം ആണെന്ന പ്രചാരണം ആര് നടത്തിയാലും ആര് ശ്രമിച്ചാലും വിജയിക്കുന്ന ഒരു സംസ്ഥാനമല്ല.  അത്തരം തെറ്റായ കാര്യങ്ങൾക്കെതിരായി ശക്തമായി നിലപാട് സ്വീകരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം.

 ഈ സിനിമ കേരളത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയുണ്ടാക്കി വർഗീയത മുളപ്പിക്കാനും ഭാവിയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കം ആയിട്ടാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ വികാരം കേരളത്തിൽ എല്ലാ വിഭാഗം  ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവരണം. മതേതര കേരളം ഈ സിനിമയെ അവജ്ഞയോടെ തള്ളിക്കളയണം.  ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസൻസല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികളുടെ ഉൾപ്പെടെ സാധ്യത പരിശോധിക്കും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker