തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് ഹർജി നൽകുക. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. സമാന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.
അതേസമയം ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.