KeralaNews

ഐ.എസ്. ബന്ധം: അറസ്റ്റിലായ മലയാളി വനിതകൾ തിഹാർ ജയിലിൽ

ഡൽഹി:തീവ്രവാദബന്ധത്തിന്റെ പേരിൽ എൻ.ഐ.എ. അറസ്റ്റ്‌ ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോയ കണ്ണൂർ സ്വദേശികളായ യുവതികളെ ചോദ്യം ചെയ്യലിനുശേഷം തിഹാർ ജയിലിലേക്ക്‌ അയച്ചു. ഇതുവരെ ഇവരെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരികയായിരുന്നു.

ഓഗസ്റ്റ് 16- ന് രാവിലെയാണ് കണ്ണൂർ താണയിലെ വീടുകളിൽനിന്ന് മിസ്ഹ സിദ്ദീഖ് (24), ഷിഫാ ഹാരിസ് (24) എന്നിവർ അറസ്റ്റിലായത്.അറസ്റ്റിലായവരിൽ ഒരാൾ ഐ.എസിനോട് ആഭിമുഖ്യം കാണിക്കുന്നതിന്റെ ഭാഗമായി ടെഹ്‌റാനിൽ പോയതായി തെളിഞ്ഞിരുന്നു.

രണ്ടാമത്തെയാളും സമാനമായ യാത്രയ്ക്ക് ഒരുങ്ങിയതായി അറിയുന്നു.മറ്റുചില സ്ത്രീകളെക്കൂടി ഐ.എസിന്റെ വലയിലാക്കാൻ ഇവർ ശ്രമിച്ചതായും എൻ.ഐ.എ.യ്ക്ക്‌ വിവരംലഭിച്ചിട്ടുണ്ട്‌.ഇതുസംബന്ധിച്ച് സൈബർ തെളിവുകൾ ശേഖരിച്ച എൻ.ഐ.എ. ആ വഴിക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതായാണ് വിവരം.

നേരത്തേ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് സിറിയയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും ഐ.എസിനുവേണ്ടി പ്രവർത്തിക്കാൻ പോയ സംഘങ്ങളുമായി മിസ്ഹക്കും ഷിഫക്കും ബന്ധമുണ്ടോ എന്നന്വേഷിക്കുന്നുണ്ട്.രണ്ട്‌ യുവതികളെയും ഐ.എസ്. ഗ്രൂപ്പിലേക്ക് ആരാണ് എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്‌.ഇവരുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ചിലപ്പോൾ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button