KeralaNews

മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്?’ കോടിയേരി

തിരുവനന്തപുരം:  കൊവിഡ് (Covid 19) പടരുന്നതിനിടെ സിപിഎം (cpm) സമ്മേളനങ്ങൾ നടക്കുന്ന  ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനമുയർന്നതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്നും പാർട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം. 

കൊവിഡ് മാനദണ്ഡം പാലിച്ച് സ്ക്വാർഡും കാറ്റഗറിയും നിർണയിച്ചത് സർക്കാരാണ്. സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിന് വേണ്ടി സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി തൃശൂരിൽ പറഞ്ഞു. 

സിപിഎമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നാണ് കോടിയേരിയുടെ ചോദ്യം. ‘എത്രയോ പേർക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് (mammootty ) കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്’?  പ്രതിപക്ഷ നേതാവ് വിഡി സതീശൻ വസ്തുതതകൾ പഠിച്ച ശേഷം വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു. 

‘സിപിഎം ജില്ലാ സമ്മേളനങ്ങൾ എല്ലാ രീതിയിലുമുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കി.  400 പ്രതിനിധികൾ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയാണ് ഇപ്പോൾ നടക്കുന്ന സമ്മേളനങ്ങൾ നടത്തുന്നത്. സമ്മേളനം നടക്കുന്ന കാസർകോടും തൃശൂരും കൊവിഡ് പ്രശ്ന ബാധിത കാറ്റഗറിയിയില്ല’. അടുത്ത ആഴ്ച സമ്മേളനം നടക്കേണ്ട ആലപ്പുഴയാണ് കൊവിഡിന്റെ കാറ്റഗറിയിലുളളത്. പൊതുപരിപാടികൾ ഓൺലൈൻ ആയി നടത്തണണനെന്ന സർക്കാർ നിർദ്ദേശത്തിന് അനുസരിച്ചാകും മുന്നോട്ട് പോകുക. ലോക്ഡൌൺ ദിവസമായ ഞായറാഴ്ചയിലെ സമ്മേളന നടത്തിപ്പിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി അറിയിച്ചു. 

കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി. ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ മറുപടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button