ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ സ്വപ്നസമാനമായ ജയവുമായി ഇന്ത്യക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിലും ടി20 ലോകചാമ്പ്യന്മാരെ അയർലൻഡ് വീഴ്ത്തി. രണ്ടാം ടി20യിൽ ഒരു റണ്ണിനാണ് അയർലൻഡിന്റെ ജയം. അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. അയർഡലൻഡ് ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രനേട്ടമാണ് പരമ്പര ജയം.
20 റൺസാണ് അവസാനഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. നാലുപന്തിൽ നിന്ന് ഇന്ത്യ 12 റൺസെടുത്തതോടെ അവസാന രണ്ട് പന്തിൽ ലക്ഷ്യം എട്ടുറൺസായി മാറി. അഞ്ചാം പന്തിൽ ഹർഷിത് റാണ പുറത്തായി. അവസാനപന്തിൽ പ്രിൻസ് യാദവ് സിക്സറടിച്ചെങ്കിലും സ്കോർ തുല്യതയിലേക്കെത്തിക്കാൻ ഒരു റൺ കൂടി വേണമായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. അയർലൻഡിനായി ജയ് മൂന്ദ്രയും മാത്യു ഹൊള്ളാർഡും മൂന്ന് വീതം വിക്കറ്റെടുത്തു.
നേരത്തെ, പ്രിൻസ് യാദവിന്റെ (3/22) ബൗളിങ് മികവിലാണ് അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഇന്ത്യ തളച്ചത്. അർഷ്ദീപ് സിങ് (2/35), ശിവം ദുബെ (2/25) എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യൻ നിരയിൽ സൂര്യാംശ് ഷെഡ്ഗെയും പ്രിൻസ് യാദവും ഇന്ന് ടി20യിൽ അരങ്ങേറ്റം കുറിച്ചു. വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യ തോറ്റത്.


