ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ. (വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം) പൂർത്തിയായപ്പോൾ, പ്രമുഖ പത്രപ്രവർത്തകനും കൊൽക്കത്തയിൽനിന്ന് ഇറങ്ങുന്ന ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ പത്രാധിപരുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർപ്പട്ടികയിലില്ല. വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ പാസ്പോർട്ട് പുതുക്കി നൽകാത്തതിനാൽ കാലിഫോർണിയയിൽ പത്രപ്രവർത്തകയായ മകളുടെ, സാൻഫ്രാൻസിസ്കോയിൽനടന്ന വിവാഹത്തിന് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജഗോപാൽതന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ പുറത്തറിയിച്ചത്.
തന്നെ ഇരയായി ചിത്രീകരിക്കാനല്ല, മറിച്ച് പത്രപ്രവർത്തകനായി ജീവിതം ഉഴിഞ്ഞുവെക്കുകയും താരതമ്യേന അറിയപ്പെടുന്ന പത്രത്തിന്റെ പത്രാധിപരാവുകയുംചെയ്ത ഒരാൾക്കുപോലും ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നാൽ, സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവർ എന്തെല്ലാം സഹിക്കേണ്ടിവരുമെന്ന് അറിയിക്കാനാണെന്ന് സാമൂഹികമാധ്യമക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽനിന്ന് മാർച്ചിലാണ് രാജഗോപാൽ പുറത്തായത്. 2002-ലെ വോട്ടർപ്പട്ടികയിൽ തന്റെയോ പിതാവിന്റെയോ പേരില്ലെന്നതാണ് കാരണമായി പറഞ്ഞത്.കേരളത്തിലെ ഗാന്ധിസ്മാരകനിധിയുടെ മുൻ സംസ്ഥാനസെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫ. രാമദാസ് 2016-ലാണ് അന്തരിച്ചത്.
രാജഗോപാലിന്റെ കുറിപ്പിൽനിന്ന്:
‘പശ്ചിമബംഗാളിലെ 27 ലക്ഷം പേരെപ്പോലെ, ‘യുക്തിപരമായ പൊരുത്തക്കേടുകൾ’ ചൂണ്ടിക്കാട്ടിയാണ് എന്നെയും ഒഴിവാക്കിയത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും കാരണം വ്യക്തമാക്കാതെ തള്ളി. ഇപ്പോൾ സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച ട്രിബ്യൂണലുകളിൽ ഒന്നിന്റെ പരിഗണനയിലാണ് അപ്പീൽ. അതുകാരണം വോട്ടുചെയ്യാനായില്ല. മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും, എന്റെ പേര് വോട്ടർപ്പട്ടികയിലില്ലെന്ന കാരണത്താൽ പാസ്പോർട്ടിനുള്ള അപേക്ഷയിൽ പോലീസ് പരിശോധനയും പൂർത്തിയായിട്ടില്ല. മറ്റ് ഒട്ടേറെ രേഖകൾ സമർപ്പിച്ചെങ്കിലും അവ അപര്യാപ്തമാണെന്നാണ് അറിയിച്ചത്. പാസ്പോർട്ടിന് അപേക്ഷിച്ചിട്ട് 100 ദിവസമായി. ഇപ്പോൾ എന്റെ സമയത്തിന്റെ വലിയൊരുഭാഗം കുടുംബത്തിന്റെ പഴയ രേഖകൾ വീണ്ടും കണ്ടെത്താനും പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ശേഖരിക്കാനുമാണ് ചെലവാകുന്നത്.’
പ്രതിഷേധവുമായി പ്രതിപക്ഷം
രാജ്യം എത്തിച്ചേർന്ന യുക്തിയില്ലായ്മയുടെ നിലവാരമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എം.പി. വിവേക് തൻഖ പറഞ്ഞു. ഞെട്ടിക്കുന്നതും ഹൃദയം തകർക്കുന്നതുമാണ് ഈ സംഭവമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. സാഗരിക ഘോഷ് പ്രതികരിച്ചു. ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കാനും ബി.ജെ.പി.യുടെ ഭിന്നിപ്പിക്കൽ ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാനായി പൗരത്വം നിർണയിക്കാനുമാണ് എസ്.ഐ.ആർ. ഉപയോഗിക്കുന്നതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി കുറ്റപ്പെടുത്തി.
അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്
പൊതുജീവിതത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകനും പത്രാധിപരുമായിരുന്ന വ്യക്തിയോട് ഭരണസംവിധാനം ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് പത്രക്കുറിപ്പിൽ പറഞ്ഞു. രാജഗോപാലിന്റെ വോട്ടർപദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും സമാനസാഹചര്യം നേരിട്ട മറ്റുള്ളവർക്കും നീതി ഉറപ്പാക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.


