ടെഹ്റാൻ: ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ദ്രോഹപ്രവർത്തനങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി.
യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിംഗ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നാണ് യുഎസിനുള്ള മുന്നറിയിപ്പ്. അതേസമയം, ടെൽ അവീവിലെ ജാഫയിൽ വെടിവയ്പ്പും ഉണ്ടായിട്ടുണ്ട്.
അക്രമി ജനക്കൂട്ടത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രണ്ട് അക്രമികളെ വധിച്ചതായും ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രയേലും വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചിട്ടുള്ളത്.
ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.