ടെഹ്റാന്: ഇറാന്‍ – യുഎസ് യുദ്ധത്തിലേക്ക് ലോകം നീങ്ങുമോ എന്ന ആശങ്ക ശക്തമാകുന്നു. ഇറാന്‍ തീരത്ത് സൈനിക നീക്കങ്ങള്‍ സജീവമാണ്. ഇതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ ആശങ്കപ്പെടുത്തി ടെഹ്‌റാനിലെ സൈനിക കേന്ദ്രത്തിന് സമീപത്തായി തീപിടിത്തവുമുണ്ടായി. ടെഹ്റാന് സമീപം പരന്ദില്‍ തീപ്പിടിത്തമുണ്ടായയത്. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുരക്ഷാവീഴ്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയര്‍ന്നതിന് കാരണം പരന്ദ് നദീതടത്തിന് സമീപത്തെ പുല്‍പ്പടര്‍പ്പിന് തീപിടിച്ചതാണെന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റെന്തെങ്കിലും നാശനഷ്ടമുണ്ടായതായോ ഇതുവരെ സ്ഥിരീകരണമില്ല. ഷിറാസ് പ്രവിശ്യയില്‍ നഗരത്തിന് പുറത്ത് പര്‍വതമേഖലയില്‍നിന്ന് സ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്താണ് ഇതിന് കാരണമെന്ന് വ്യക്തമല്ല.
യുഎസ് വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണ്’ അരികിലേക്ക് പ്രകോപനപരമായി പറന്നെത്തിയ ഇറാന്റെ അത്യാധുനിക ‘ഷാഹീദ്-139’ ഡ്രോണ്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളെത്തി. ലോകത്തെ ഏറ്റവും കരുത്തുറ്റ സ്റ്റെല്‍ത്ത് പോര്‍വിമാനമായ എഫ്-35 സി (എ35ഇ) ആണ് ഇറാന്‍ ഡ്രോണിനെ തകര്‍ത്തത്. ഫെബ്രുവരി 3-ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് പുറത്തുവിട്ടത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് കപ്പലിന് നേരെ നീങ്ങിയതോടെയാണ് ഡ്രോണ്‍ തകര്‍ക്കാന്‍ ഉത്തരവിട്ടത്.
ഡ്രോണ്‍ വെടിവെച്ചിട്ടതിന് പിന്നാലെ പേര്‍ഷ്യന്‍ കടലിടുക്കിലും സംഘര്‍ഷമുണ്ടായി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എംവി സ്റ്റെന ഇംപറേറ്റീവ്’ എന്ന അമേരിക്കന്‍ ചരക്കുകപ്പലിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ബോട്ടുകള്‍ വളഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് മക്‌ഫോള്‍’ ഇടപെട്ടതോടെയാണ് വലിയൊരു ഏറ്റുമുട്ടല്‍ ഒഴിവായത്.
ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങളാണ് ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്ക വിന്യസിച്ചിട്ടുള്ളത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയത്. ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.
50ഓളം എഫ്35 യുദ്ധവിമാനങ്ങള്‍, എഫ്22, എഫ്16 തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളാണ് യുഎസ് മേഖലയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമെ സി17 വിമാനങ്ങള്‍ വഴി വന്‍തോതില്‍ സൈനിക ഉപകരണങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് അമേരിക്ക എത്തിക്കുന്നുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ ഇറാന് സമീപത്തെ ജലാതിര്‍ത്തികളിലും നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയര്‍ കപ്പലും ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനില്‍ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശദമാക്കുന്നത്.
യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഗള്‍ഫിന് മുകളിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മനോഹരമായ ഒരു നാവികവ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.
ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്ക് പെന്റഗണ്‍ തയ്യാറെടുക്കുന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മുക്കുമെന്നാണ് ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മറുപടി നല്‍കിയത്. ഇതിന് പുറമേ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വെനസ്വേലയില്‍ നടത്തിയ കൃത്യതയാര്‍ന്ന സൈനിക നീക്കത്തേക്കാള്‍ വളരെ വലുതും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതുമായ ഒരു ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയൊരുക്കുന്നത്. ഇസ്രായേലുമായി സംയുക്തമായി നടത്തുന്ന ഈ നീക്കം ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഐ.ഡി.എഫ് ഇന്റലിജന്‍സ് മേധാവി ആമോസ് യാദ്ലിന്‍ നല്‍കുന്ന സൂചന പ്രകാരം യുദ്ധം അടുത്തു കഴിഞ്ഞു. ‘കഴിഞ്ഞ ആഴ്ച ഞാന്‍ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിന് പോയിരുന്നു. എന്നാല്‍ ഈ വാരാന്ത്യത്തില്‍ വിദേശത്തേക്ക് പറക്കുന്നതിനെക്കുറിച്ച് ഞാന്‍ രണ്ടുതവണ ചിന്തിക്കും,’ അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപ് യുദ്ധകാര്യത്തില്‍ അതീവ ദൃഢനിശ്ചയത്തിലാണെന്നും എല്ലാ സൈനിക സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഒരു ഉപദേഷ്ടാവ് വ്യക്തമാക്കുന്നത് പ്രകാരം, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൈനിക നടപടി ഉണ്ടാകാന്‍ 90% സാധ്യതയുണ്ട്. ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായി ഇസ്രായേലും സജ്ജമാണ്. 2025 ജൂണില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ഹോളോണില്‍ 32 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പൊതുജനങ്ങളും അധികൃതരും യുദ്ധത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.
ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഏതാനും മണിക്കൂറുകള്‍ ഭാഗികമായി അടച്ചുകൊണ്ട് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡും സൈനികാഭ്യാസം നടത്തിയിട്ടുണ്ട്.
Concerns about a full-scale war between Iran and the United States have intensified following a series of military escalations and mysterious incidents in February 2026. While nuclear negotiations are ongoing in Geneva, both nations have significantly ramped up their military presence in the Middle East


