ഹോര്‍മുസ് കടലിടുക്ക് അടച്ച് സൈനിക അഭ്യാസ പ്രകടനവുമായി ഇറാന്‍; ട്രംപിന്റെ മരുമകന്‍ ചര്‍ച്ച നടത്തിയിട്ടും ആണവ കാര്യത്തില്‍ അടുക്കാതെ ഇറാന്‍; സൈനിക നീക്കമെങ്കില്‍ ഇസ്രായേലും പങ്കാളികളാകും; പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇന്ത്യക്കും ആശങ്ക

ദുബായ്/ടെഹ്റാന്‍: അറബിക്കടലില്‍ യുഎസ് പടയൊരുക്കം ശക്തമാക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാന്റെ സൈനികാഭ്യാസം. അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്ന സന്ദേശം ശക്തമാക്കാനാണ് ഇറാന്‍ സൈനികാഭ്യാസം നടത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് മുതിര്‍ന്നാല്‍ ലോക സമ്പദ്വ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇറാന്‍ നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ സൈനികാഭ്യാസം അതുകൊണ്ട് തന്നെ ഏറെ പ്രധാനപ്പെട്ടതാണ്.

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള ഈ സമുദ്രപാതയില്‍ ഇറാന്‍ നാവികസേന ലൈവ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. ‘സ്മാര്‍ട്ട് കണ്‍ട്രോള്‍ ഓഫ് ഹോര്‍മുസ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനത്തിന്റെ ഭാഗമായി ഇറാന്റെ തീരങ്ങളില്‍ നിന്നും ഉള്‍നാടുകളില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ കടലിടുക്കിലെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി പതിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഇത്തരത്തില്‍ അടച്ചിടുന്നത്. സാധാരണ ഗതിയില്‍ ഭീഷണി മുഴക്കാറുണ്ടെങ്കിലും കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാന്‍ മുതിരാറില്ല. കഴിഞ്ഞ വര്‍ഷം ഇസ്രയേലും യുഎസും സംയുക്തമായി ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയ 12 ദിവസത്തെ യുദ്ധകാലത്തുപോലും ഇറാന്‍ ഈ വഴി അടച്ചിരുന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിയന്ത്രണമെന്നാണ് ഇറാന്‍ വിശദീകരിക്കുന്നതെങ്കിലും, ഇത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കും. ഇന്ത്യയിലേക്ക് അടക്കം എണ്ണയെത്തുന്ന കപ്പല്‍പാതയാണിത്. അതുകൊണ്ട് തന്നയാണ് ലോകത്തിന് ആശങ്കയുള്ളതും.

നേരത്തെ യുഎസിനെതിരെ കടുത്ത ഭാഷയിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രതികരിച്ചത്. ‘ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന് പോലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രഹരം ചിലപ്പോള്‍ ലഭിച്ചേക്കാം. യുദ്ധക്കപ്പലുകള്‍ അപകടകാരികളാണ്, പക്ഷേ അവയെ കടലിന്റെ ആഴങ്ങളിലേക്ക് മുക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ അതിലും അപകടകാരികളാണ്,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏകദേശം 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കയറ്റുമതിക്ക് ഏക ആശ്രയമാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണയുടെ ഭൂരിഭാഗവും ഇതുവഴിയാണ് എത്തുന്നത്. കടലിടുക്ക് ദീര്‍ഘനേരം അടച്ചിടുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വന്‍ വിലക്കയറ്റത്തിന് ഇടയാക്കും. ജെനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് യുദ്ധസമാനമായ ഈ നീക്കങ്ങള്‍ നടക്കുന്നത്.

ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലുമായി ചേര്‍ന്ന് സൈനിക ഓപ്പറേഷന്‍ നടത്താനാണ് യുഎസിന്റെ ശ്രമം. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കപ്പലാണ് എത്തിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലും മിസൈല്‍ വിനാശിനികളും ആഴ്ചകളായി അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ കരീബിയന്‍ കടലില്‍ നിന്ന് മധ്യേഷ്യയിലേക്ക് തിരിച്ചു കഴിഞ്ഞു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ആദ്യം സൈനിക നീക്കം ഭീഷണി മുഴക്കിയ ട്രംപ്, ഇപ്പോള്‍ ആണവ കരാറില്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പടയൊരുക്കം നടത്തുന്നത്് എന്നാണ് വിലയിരുത്തല്‍.

ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ, വരും ആഴ്ചകളില്‍ തന്നെ ഇറാന് മേല്‍ ‘അതിശക്തമായ’ വ്യോമാക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ത്തണമെന്ന ട്രംപിന്റെ ഉപാധി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തള്ളിയതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. രാജ്യത്തിന്റെ ഭരണം തന്നെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയുള്ള വലിയൊരു യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യ കാണുന്ന ഏറ്റവും വലിയ സൈനിക നീക്കമായിരിക്കുമിത്.

രണ്ട് ഭീമന്‍ വിമാനവാഹിനിക്കപ്പലുകളും ഡസനിലധികം യുദ്ധക്കപ്പലുകളും ഇറാന്‍ തീരത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. എഫ്-35, എഫ്-22, എഫ്-16 ഉള്‍പ്പെടെ നൂറുകണക്കിന് യുദ്ധവിമാനങ്ങളാണ് ആക്രമണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 150-ഓളം കാര്‍ഗോ വിമാനങ്ങളിലായി ടണ്‍ കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളും മേഖലയിലെ യുഎസ് കേന്ദ്രങ്ങളില്‍ എത്തിച്ചു.

ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നര്‍, പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ നേതൃത്വത്തില്‍ ജെനീവയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ട്രംപ് നിശ്ചയിച്ച ‘റെഡ് ലൈനുകള്‍’ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ല.

ഇറാനില്‍ ജനുവരിയില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിനിടെ ഒരു യുഎസ് വിമാനത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ വിക്ഷേപിച്ചതും സ്ഥിതിഗതികള്‍ വഷളാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ, ട്രംപിന്റെ ഈ യുദ്ധനീക്കം അമേരിക്കന്‍ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

As tensions reach a boiling point in early 2026, Iran has conducted a high-stakes military exercise in the Strait of Hormuz, signaling its readiness to counter potential US aggression. Following threats of military action from US President Donald Trump, the Iranian Revolutionary Guard Corps (IRGC) temporarily closed parts of this vital maritime corridor—a rare move that briefly spiked global oil prices. The drill, codenamed “Smart Control of the Strait of Hormuz,” showcased Iran’s ability to disrupt the world’s energy supply, serving as a direct warning that any strike on Iranian soil would result in severe economic consequences for the global market.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News