‘സമുദ്രസുരക്ഷാ ഭീഷണി ഏറ്റവും ഉയർന്നനിലയിൽ’, ഇറാൻ-US സംഘർഷം പുനരാരംഭിച്ചു; ഹോർമുസിലെ ചരക്കുനീക്കം മന്ദഗതിയിൽ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് വഴിതുറന്ന് ഇറാൻ; ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ

ടെഹ്‌റാൻ: ചെറിയ ഇടവേളയ്ക്ക് ശേഷം യുഎസ്-ഇറാൻ സംഘർഷം പുനഃരാരംഭിച്ചത് ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര ചരക്കുകപ്പൽ നീക്കത്തെ വീണ്ടും ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്.ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിന്റെ സുരക്ഷാഭീഷണി ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി (യുകെഎംടിഒ) അറിയിച്ചു. വെള്ളിയാഴ്ച യുകെഎംടിഒ പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഹോർമുസിലെ സമുദ്രസുരക്ഷാ ഭീഷണിയുടെ നില ഗുരുതരമായി തുടരുന്നെന്ന് പറയുന്നത്.

ഈയടുത്ത ദിവസങ്ങളിൽ ചുരുങ്ങിയത് അഞ്ച് എൽഎൻജി ടാങ്കറുകളാണ് ചരക്കുകളില്ലാതെ ഹോർമുസിൽ പ്രവേശിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഗ്രീക്ക് ഷിപ്പിങ് കമ്പനിയായ ഗാസ് ലോഗിന്റെ ഗാസ് ലോഗ്ഷാങ്ഹായി, ഖത്തർ എനർജിയുടെ അൽ സമ്‌രിയ, അൽ ദഫ്‌ന, അൽ ഗട്ടാര, അൽ റയ്യാൻ എന്നിവയാണ് അവ. ഇതിൽ ഗാസ് ലോഗ് ഷാങ്ഹായിയും അൽ റയ്യാനും രാത്രിയോടെ ഹോർമുസിൽ പ്രവേശിച്ചിട്ടുണ്ടാകുമെന്നാണ് സൂചന. ജൂലൈ ഒൻപതാം തീയതി ഈ രണ്ടു കപ്പലുകളെയും ഹോർമുസിന് പുറത്ത് കണ്ടിരുന്നു. അതേസമയം, മറ്റ് മൂന്ന് കപ്പലുകളെയും ഹോർമുസിന് പുറത്ത് കണ്ടത് ആഴ്ചകൾക്ക് മുന്നേയാണ്. അൽ സമ്‌രിയയെയും അൽ ഗട്ടാരയേയും കണ്ടത് ജൂൺ 18, 19 തീയതികളിലാണ്. അൽ ദഫ്‌നെയെ കണ്ടത് ജൂൺ 29-നും. വ്യാഴാഴ്ച ഭീമൻ ക്രൂഡ് വാഹക കപ്പലായ നിസ്സോസ് കീ ഹോർമൂസിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് വിവരം.

വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തിനും ഇറാന് നേർക്ക് യുഎസ് നടത്തുന്ന പ്രത്യാക്രമണത്തിനും പിന്നാലെ ഹോർമുസിലെ സ്ഥിതിഗതികളെ ഷിപ്പിങ് കമ്പനികളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. എൻഎൻജിയും എണ്ണയും വഹിച്ചുകൊണ്ടുള്ള കപ്പൽഗതാഗതം ജൂൺ 28-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത് വ്യാഴാഴ്ചയാണ്. പത്തുകപ്പലുകളാണ് അന്ന് കടന്നുപോയത്. ബുധനാഴ്ച ഇത് 14-ഉം തിങ്കളാഴ്ച 22-ഉം ആയിരുന്നു.

ഇറാനും യുഎസും തമ്മിൽ ഇടക്കാല വെടിനിർത്തൽ കരാർ നിലവിൽവന്നതിന് പിന്നാലെ ഹോർമുസ് വഴിയുള്ള ഗതാഗതം പഴയതോതിലല്ലെങ്കിലും പുനഃരാംഭിച്ചിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും വീണ്ടും ആക്രമണം ആരംഭിച്ചതോടെ കപ്പൽ ഗതാഗതം മന്ദഗതിയിലാവുകയായിരുന്നു. രാജ്യാന്തര എൽഎൻജി, ക്രൂഡ് നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് വഴിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News