30 C
Kottayam
Friday, May 17, 2024

വിദ്യാഭ്യാസം തടയാൻ പെൺകുട്ടികൾക്ക് വിഷം നൽകി’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാൻ മന്ത്രി

Must read

ടെഹ്‌റാൻ∙ ഇറാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധ നഗരമായ കോമിൽ സ്‌കൂൾ വിദ്യാർഥിനികൾക്ക് വിഷം നൽകിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാൻ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി. രാജ്യ തലസ്ഥാനമായ ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള കോമിൽ, നവംബർ അവസാനം മുതൽ നൂറുകണക്കിന് വിദ്യാർഥിനികൾക്കിടയിൽ ശ്വാസകോശ വിഷബാധ റിപ്പോർട്ട് ചെയ്തെന്നും നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂർവം ചിലർ വിഷം നൽകിയതിനെ തുടർന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.

‘‘കോം സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിൽ എല്ലാ സ്കൂളുകളും, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.’’– യൂനസ് പനാഹിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിഷം നൽകിയതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ നഗരത്തിലെ ഗവർണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താൻ ഇന്റലിജൻസ്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അലി ബഹദോരി ജഹ്റോമി വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് ആശുപത്രിയിൽ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുൻപാണ് സ്കൂൾ വിദ്യാർഥിനികൾക്ക് വിഷം നൽകിയെന്ന റിപ്പോർട്ടും പുറത്തുവരുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week