ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റർ അകലെയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നുണ്ട്.
പാർക്കിങ് സ്ഥലമാണെന്ന് തോന്നിക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സമീപത്ത് നിർത്തിയിരിക്കുന്ന വാഹനങ്ങളിൽ മണ്ണ് മൂടിയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൊവ്വാഴ്ച മുതൽ ഇസ്രയേലി നഗരങ്ങളിൽ അക്രമണ മുന്നറയിപ്പുമായി ബന്ധപ്പെട്ട സൈറണുകൾ മുഴങ്ങുന്നുണ്ട്. 180 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. ഇവയെല്ലാം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്.
ചൊവ്വാഴ്ച രാത്രി ടെൽ അവീവിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ മരിച്ചിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നത്. അന്ന് അയച്ച മിസൈലുകളിൽ മിക്കതും ഇസ്രയേൽ വെടിവെച്ചിട്ടിരുന്നു.