യുദ്ധക്കപ്പൽ തകർത്തതിന് പ്രതികാരം ? യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ, കപ്പലിൽ തീപ്പിടിത്തം

ടെഹ്‌റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി പറഞ്ഞു.

യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഐആർജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ പുറംകടലിൽ ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ഉപയോഗിച്ച് മുക്കിയിരുന്നു. ഇറാൻ നാവികസേനയുടെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പലിന് നേരേയാണ് യുഎസിന്റെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 87 നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാനും രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക അത്യധികം ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

​The Islamic Revolutionary Guard Corps (IRGC) of Iran has claimed responsibility for an attack on a US oil tanker in the northern Persian Gulf. According to Iranian authorities, the attack was carried out by their air force on Thursday morning, resulting in the vessel catching fire.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News