പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.
പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു.
പാലക്കാട് സിപിഎമ്മിലെ വിമതർ ചേർന്ന് മാർക്‌സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുമാണ് നീക്കം നടത്തുന്നത്. ഭാവിയിൽ പാർട്ടിയായി മാറാനും യുഡിഎഫുമായി ചേരാനുമാണ് ആലോചനകൾ.


