ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാക്കിസ്ഥാനിലെത്തുന്നു. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ മന്ത്രിയും സംഘവും റഷ്യയിലേക്ക് പോകുന്നതിന് മുൻപായി ഇസ്ലാമാബാദിൽ മടങ്ങിയെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. വെടിനിർത്തൽ സംബന്ധിച്ച നിർണ്ണായക ചർച്ചകൾക്കായി ടെഹ്‌റാനിലേക്ക് മടങ്ങിയ പ്രതിനിധി സംഘത്തിലെ ഒരു വിഭാഗവും ഞായറാഴ്ച രാത്രിയോടെ അരാഗ്ചിക്കൊപ്പം ചേരുമെന്നാണ് വിവരം.
ഇതോടെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു നടക്കുന്ന സമാധാന ശ്രമങ്ങൾ വീണ്ടും സജീവമാകുകയാണ്. ചർച്ചകളുടെ ഭാഗമായി ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിൽ അധികൃതർ ഇപ്പോൾ ഇളവ് വരുത്തിയിട്ടുണ്ട്.അതേസമയം, ഇറാൻ നേരിട്ടുള്ള ചർച്ചയ്ക്ക് വിമുഖത കാട്ടിയതോടെ അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ പാക്കിസ്ഥാൻ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.
ട്രംപിന്റെ പശ്ചിമേഷ്യാ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരദ് കഷ്‌നർ എന്നിവർ പാക്കിസ്ഥാനിലെത്തി ഇറാൻ സംഘവുമായി ചർച്ച നടത്തുമെന്നായിരുന്നു നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ അമേരിക്കയുമായി നേരിട്ട് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ട്രംപ് ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇറാൻ പ്രതിനിധികൾക്ക് ചർച്ച വേണമെന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും യുഎസിനെ വിളിക്കാമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിലൂടെ’ പ്രതികരിച്ചു. ഈ നിലപാട് മാറ്റം സമാധാന ചർച്ചകളുടെ ഭാവി സംബന്ധിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പാക്കിസ്ഥാനിലെത്തിയ അരാഗ്ചി പാക് സേനാമേധാവി ജനറൽ അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. വെടിനിർത്തൽ കാര്യത്തിലുള്ള ഇറാന്റെ കർശന നിലപാടുകൾ അദ്ദേഹം പാക്കിസ്ഥാനെ ധരിപ്പിച്ചിട്ടുണ്ട്. ഇറാൻ സംഘം വീണ്ടും പാക്കിസ്ഥാനിലെത്തുന്നത് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് സാധ്യത കുറവാണെന്നാണ് പാക് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനിലൂടെ സന്ദേശങ്ങൾ കൈമാറുന്ന രീതിയാകും വരും ദിവസങ്ങളിൽ ഉണ്ടാവുക. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം വലിയ സമ്മർദ്ദമാണ് ഇരുവിഭാഗത്തിന് മേലും ചെലുത്തുന്നത്.
Iranian Foreign Minister Abbas Araghchi is set to return to Islamabad following his visit to Oman and ahead of his trip to Russia. Meanwhile, US President Donald Trump canceled the planned visit of his representatives, Jared Kushner and Steve Witkoff, to Pakistan after Iran declined direct talks. Trump stated on Truth Social that Iran could reach out to the US whenever they were ready for discussions, leaving the mediation process in an uncertain state


