പെരുന്നാള്‍ ദിനത്തിലും കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന്‍; മിന അല്‍-അഹ്‌മദി എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി: ലോകത്തെ ആശങ്കയിലാക്കി റിഫൈനറികള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. സൗത്ത് പാര്‍സ് ഓഫ്‌ഷോര്‍ പ്രകൃതിവാതക പാടത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ എണ്ണ സമ്പത്തുകള്‍ ആക്രമിക്കുന്നത് ഇറാന്‍ തുടരുകയാണ്. കുവൈത്തിലെ മിന അല്‍-അഹ്‌മദി എണ്ണ ശുദ്ധീകരണശാലയാണ് ഇറാന്‍ തുടര്‍ച്ചയായി ആക്രമിച്ചത്. വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിന് പുറമെ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

പ്രതിദിനം ഏകദേശം 730,000 ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള മിന അല്‍-അഹ്‌മദി റിഫൈനറി വ്യാഴാഴ്ചയിലെ ആക്രമണത്തില്‍ തന്നെ സാരമായ നാശം നേരിട്ടിരുന്നു. ഈ സംഭവത്തില്‍ തീയണയ്ക്കല്‍ നടപടി ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് തുടര്‍ ആക്രമണം. പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ സമ്പന്നമായ ചെറിയ രാജ്യമായ കുവൈറ്റിലെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കുന്നതാണ് ഇറാന്റെ നടപടി.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ വലിയ സൗത്ത് പാര്‍സ് ഓഫ്‌ഷോര്‍ പ്രകൃതിവാതക പാടത്ത് ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗള്‍ഫ് അറബ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയത്. ഖത്തറിലെ ഊര്‍ജവ്യവസായ മേഖലയായ റാസ് ലഫാനിന് നേരെയും ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ആക്രമണം സാരമായി ബാധിച്ച ഖത്തറിലെ എല്‍എന്‍ജി ഉല്‍പാദനം പഴയ നിലയിലാകാന്‍ മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ എല്‍എന്‍ജി കയറ്റുമതിയെ 5 വര്‍ഷത്തേക്കെങ്കിലും ആക്രമണം ബാധിക്കും. വാര്‍ഷിക വരുമാനത്തില്‍ 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജ സഹമന്ത്രിയുമായ സാദ് അല്‍ കാബി പറഞ്ഞു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളില്‍ ഒന്നാണ് മിനാ അല്‍ അഹമ്മദി. ഗള്‍ഫ് മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഇത്തരം നീക്കങ്ങളെ രാജ്യാന്തര സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയതായും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നും കുവൈത്ത് അറിയിച്ചു.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ (കെ.എന്‍.പി.സി) മിന അല്‍ അഹ്‌മദി, മിന അബ്ദുള്ള റിഫൈനറികള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഓപ്പറേറ്റിംഗ് യൂണിറ്റുകളിലാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടിയന്തര, ദ്രുത പ്രതികരണ സംഘങ്ങള്‍ ഉടനടി ഇടപെട്ടു ജീവനക്കാരെ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നാണ് കുവൈത്ത് വ്യക്തമാക്കിയത്.

ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സംഘങ്ങള്‍ വൈകാതെ വിജയകരമായി തീ നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് അറിയിച്ചു. അടിയന്തര സംഘങ്ങള്‍ സ്ഥലത്തെത്തിയ ഉടന്‍ തന്നെ പ്രതികരിക്കുകയും രണ്ട് തീപിടുത്തങ്ങളും പൂര്‍ണ്ണമായും അണക്കുകയും ചെയ്തതായി കുവൈത്ത് പബ്ലിക് ഫയര്‍ ഫോഴ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബദര്‍ ഇബ്രാഹിം പറഞ്ഞു.

റിഫൈനറി യൂണിറ്റുകളിലെ തീപിടുത്തങ്ങളെത്തുടര്‍ന്ന് കെ.എന്‍.പി.സിയുമായി സഹകരിച്ച് വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ചുവരികയാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു. സ്ഥിതിഗതികള്‍ സ്ഥിരമാണെന്നും വ്യക്തമാക്കി. റിഫൈനറികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ വായു മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനത്തില്‍ ഉയര്‍ന്ന അളവുകള്‍ കണ്ടെത്തിയില്ലെന്ന് ഇ.പി.എ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ നോഫ് ബെഹ്‌ബെഹാനി പറഞ്ഞു.

അതിനിടെ ഇറാന്റെ എണ്ണ, വാതകപ്പാടങ്ങള്‍ ആക്രമിച്ചത് തനിച്ചാണെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേലിലെ എണ്ണ സംസ്‌കാരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്. ഇസ്രയേലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും ഇവിടെ നിന്നാണ് നല്‍കിവരുന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹൈഫയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നും കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹൈഫയില്‍ ഒരു മിസൈല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു.

ഇന്നലെയാണ് ഇറാന്റെ ജീവനാഡിയായ സൗത്ത് പാര്‍സില്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്റെ 70 ശതമാനവും സൗത്ത് പാര്‍സിലെ വാതകപ്പാടത്ത് നിന്നാണെന്നിരിക്കെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പിന്നാലെ ഖത്തറിലെ റാസ് ലഫാന്‍ ഇറാന്‍ ആക്രമിച്ചു. നികത്താനാവാത്ത നാശനഷ്ടമാണ് റാസ് ലഫാനിലുണ്ടായതെന്ന് ഖത്തര്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ ജെറുസലേമിലേക്ക് ഇറാന്‍ കനത്ത ആക്രമണം തുടരുകയാണ്. രണ്ട് മണിക്കൂറിനിടെ മൂന്ന് മിസൈലുകളാണ് ജെറുസലേം ലക്ഷ്യമിട്ടെത്തിയതെന്നും ഇതോടെ മധ്യ ഇസ്രയേലിലും ജെറുസലേമിലെങ്ങും അപായ സൈറണുകള്‍ മുഴങ്ങിയെന്നും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറുസലേമില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശബ്ദം ഉയര്‍ന്നതായി ബിബിസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Global concerns are rising as Iran continues its drone strikes on oil refineries in the Gulf region, retaliating for Israel’s attack on the South Pars offshore gas field. Following a strike on Thursday, Iran launched fresh drone attacks on Kuwait’s Mina Al-Ahmadi refinery early Friday morning during Eid al-Fitr. These escalating hostilities threaten international oil supplies and increase the risk of a wider regional conflict

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News