ടെഹ്‌റാന്‍/ടെല്‍ അവീവ്: ആശുപത്രികള്‍ക്കും ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കും നേരേ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍. ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. വ്യാഴാഴ്ച സൊറോക്കയിലെ ആശുപത്രിക്ക് നേരേയടക്കം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചത്.
ഭീരുവായ ഇറാന്‍ ഏകാധിപതി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രയേലിലെ ആശുപത്രികളും വീടുകളും ആക്രമിക്കുകയാണെന്ന് ഇസ്രയേല്‍ കാറ്റ്‌സ് കുറ്റപ്പെടുത്തി. ആയത്തുള്ള അലി ഖമീനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേല്‍ നേരിടുന്ന ഭീഷണികള്‍ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ചയാണ് ബീര്‍ഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്റെ ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 65-ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ, ആശുപത്രി ആയിരുന്നില്ല ഇതിനുസമീപത്തെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നോളജി പാര്‍ക്കായിരുന്നു ഇറാന്റെ പ്രധാനലക്ഷ്യമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിന് സമീപവും വ്യാഴാഴ്ച ഇസ്രയേലിന്റെ മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ അരാക് ആണവകേന്ദ്രത്തിന് നേരേ ഇസ്രയേലും കനത്ത ആക്രമണം നടത്തി. ബുധനാഴ്ച രാത്രി തങ്ങളുടെ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ അരാക് ആണവകേന്ദ്രം തകര്‍ത്തതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് മുന്‍പ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണമുണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാന്റെ അവകാശവാദം. നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തിന് നേരേ വ്യാഴാഴ്ചയും ഇസ്രയേല്‍ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇസ്രയേല്‍ തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയതില്‍ ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി-IAEA)യെ പരാതിയുമായി സമീപിച്ചു. ആണവകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

