ട്രംപിന്റെ പ്രഖ്യാപനം, ഖത്തറിന്റെ മധ്യസ്ഥത,വെടി നിർത്തലിന് സമ്മതിച്ചു ഇസ്രായേലും ഇറാനും

ഇറാനികൾ കീഴടങ്ങുന്നവരല്ല, ചരിത്രമറിയുന്നവരും വിവേകമുള്ളവരും ഞങ്ങളെ ഭീഷണിപ്പെടുത്തില്ല- ഖമീനി

ടെഹ്‌റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍ വ്യക്തത വരുത്തിയില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനത്തെ ഇറാന്‍ അംഗീകരിക്കില്ലെന്നും യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ ആദ്യം പ്രതികരിച്ചത്. പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് മയപ്പെടുത്തി.

‘നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു ‘കരാറും’ ഇല്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിച്ച സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.’ ഇറാന്‍ വിദേശാകര്യ മന്ത്രി പറഞ്ഞു.

സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള പ്രത്യാക്രമണം പുലര്‍ച്ചെ നാലു മണിവരെ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ജനതയ്ക്കും സായുധസേനയ്ക്കും അബ്ബാസ് അരാഗ്ചി നന്ദി പറയുകയും ചെയ്തു.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നതെന്നാണ് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ദുര്‍ബലമായ ആക്രമണമെന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്. പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. യുഎസുമായുള്ള ഏറ്റുമുട്ടലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതീകാത്മക തിരിച്ചടിയായിട്ടാണ് ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണമെന്നുമാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

‘ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടതായി നയതന്ത്രജ്ഞന്‍ പറഞ്ഞു.’ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഇറാന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വെടിനിര്‍ത്തലിന് തങ്ങള്‍ സമ്മതം അറിയിച്ചതായി ഇസ്രയേലും ഇറാനും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

ഇറാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സമാനമായ പ്രതികരണമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ആശയവിനിമയം നടത്തിയതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായി ചര്‍ച്ച നടത്തിയെന്നുമാണ് വിവരം.

ട്രംപ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുമായി നേരിട്ട് സംസാരിക്കുകയും, വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിക്കാന്‍ സഹായിച്ചതിന് നന്ദി പറയുകയും ചെയ്തതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News