ഗുജറാത്തിന്റെ കുതിപ്പ്; തോറ്റിട്ടും രാജസ്ഥാന് 80% പ്ലേ ഓഫ് സാധ്യത; ഏറ്റവും മുന്നിൽ ഹൈദരാബാദ്; ചെന്നൈയ്ക്ക് നെഞ്ചിടിപ്പ്

ജയ്‌പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ 77 റൺസിന്റെ വൻ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ഗുജറാത്ത് ടൈറ്റൻസ്. ജയ്‌പൂരിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാനെ തകർത്തുവിട്ടതോടെ 14 പോയിന്റുമായി ഗുജറാത്ത് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ശുഭ്മാൻ ഗില്ലും സംഘവും പ്ലേ ഓഫിലെത്താനുള്ള സാധ്യത 72.52 ശതമാനമായി ഉയർന്നു.

ശേഷിക്കുന്ന മൂന്ന് കളികളിൽ ഒരെണ്ണം ജയിച്ചാൽ പോലും ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. രണ്ട് ജയങ്ങൾ നേടിയാൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനും അവർക്ക് സാധിക്കും. വൻ വിജയത്തോടെ നെറ്റ് റൺറേറ്റിലും ഗുജറാത്ത് വലിയ മുന്നേറ്റം നടത്തി. -0.147-ൽ നിന്നും +0.228 ലേക്കാണ് റൺറേറ്റ് ഉയർന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താൻ ടീമിന് ഇപ്പോൾ 38.71% സാധ്യതയുണ്ട്.

നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും പ്ലേ ഓഫ് സാധ്യതയിൽ രാജസ്ഥാൻ റോയൽസ് ഇപ്പോഴും ഗുജറാത്തിന് മുന്നിലാണ് (80.31%). വരാനിരിക്കുന്ന മത്സരങ്ങളിൽ ഡൽഹി, ലക്നൗ, മുംബൈ എന്നീ ടീമുകളെയാണ് രാജസ്ഥാന് നേരിടാനുള്ളത്. പട്ടികയിൽ ഒന്നാമതുള്ള സൺറൈസേഴ്സ് ഹൈദരാബാദാണ് പ്ലേ ഓഫ് സാധ്യതയിൽ ഏറ്റവും മുന്നിൽ (89.59%). തുടർച്ചയായ മൂന്ന് തോൽവികൾ വഴങ്ങിയെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന് ഇപ്പോഴും 84.81 ശതമാനം പ്ലേ ഓഫ് സാധ്യതയുണ്ട്.

അതേസമയം, പ്ലേ ഓഫ് റേസിൽ നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 77.55 ശതമാനം സാധ്യതയാണുള്ളത്; മികച്ച നെറ്റ് റൺറേറ്റും (+1.234) ആർസിബിക്ക് അനുകൂല ഘടകമാണ്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടിയായി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ 38.81 ശതമാനമായി കുറഞ്ഞെന്നു മാത്രമല്ല, ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള സാധ്യത വെറും 12.62 ശതമാനമായി ചുരുങ്ങുകയും ചെയ്തു.

അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനും ലക്നൗവിനും പ്ലേ ഓഫിലെത്താൻ വെറും 1.5% സാധ്യത മാത്രമാണ് കൽപ്പിക്കപ്പെടുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് പൂർണ്ണമായും അസ്തമിച്ചു. ലീഗ് ഘട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം വരുംദിവസങ്ങളിൽ കൂടുതൽ പ്രവചനാതീതമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News