ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങള്‍. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തില്‍ ഉണ്ടാവും. 10 മാര്‍ക്കീ താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടിയില്‍ 48 താരങ്ങള്‍ ഉള്‍പ്പെട്ടു. ഈ മാസം 12, 13 തീയതികളില്‍ ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതല്‍ പുതിയ രണ്ട് ടീമുകള്‍ അടക്കം 10 ടീമുകളാണ് ഐപിഎലില്‍ മത്സരിക്കുക.
370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ലേലത്തിലുണ്ട്. ക്യാപ്റ്റന്‍ യാഷ് ധുല്‍, സ്പിന്നര്‍ വിക്കി ഓസ്വാള്‍, ബൗളിംഗ് ഓള്‍റൗണ്ടര്‍ രാജവര്‍ഷന്‍ ഹങ്കര്‍ഗേക്കര്‍ തുടങ്ങിയവര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കന്‍ ക്യാപ്റ്റനും ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായ ദുനിത് വെല്ലലഗെ, ദക്ഷിണാഫ്രിക്കന്‍ താരവും ലോകകപ്പിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനുമായ ഡെവാള്‍ഡ് ബ്രേവിസ് എന്നിവരും പട്ടികയിലുണ്ട്.
ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആര്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യര്‍, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാര്‍ക്കീ താരങ്ങളാണ്. ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ഭൂട്ടാനീസ് താരമായ മിക്യോ ഡോര്‍ജി പട്ടികയിലില്ല.
ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, ജലജ് സക്‌സേന, എസ് മിധുന്‍, രോഹന്‍ കുന്നുമ്മല്‍, എം നിധീഷ്, ഷോണ്‍ റോജര്‍, സിജോമോന്‍ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളത്.